സംസ്ഥാനത്തിന് അവഗണന; സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിച്ചു
Daily News
സംസ്ഥാനത്തിന് അവഗണന; സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd November 2016, 7:04 pm


പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിനു സമയം നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 


തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കാന്‍ ദല്‍ഹിക്കു പോകാനിരുന്ന കേരള സര്‍വകക്ഷി സംഘത്തിന് തന്നെ കാണാന്‍ പ്രധാനമന്ത്രി അനുമതി നിഷേധിച്ചു.

പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിനു സമയം നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവാണിത്. സംഭവത്തില്‍ കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയെ രേഖാമൂലം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read: തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം; ഗൗരിക്കും ചാത്തുവിനും ജാമ്യം


ഇതിനെ തുടര്‍ന്ന് സഹകരണ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സര്‍വ്വകക്ഷിസംഘം ദല്‍ഹിക്ക് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനായിരുന്നു നേരത്തെ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായതെങ്കിലും ഇതിനായി അനുമതി തേടിയപ്പോള്‍ ധനമന്ത്രിയെ കാണണമെന്നുള്ള നിര്‍ദേശമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത് ഇതോടെയാണ് സര്‍വ്വകക്ഷിസംഘത്തെ ദല്‍ഹിക്ക് അയക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന് തീരുമാനിച്ചത്.

ഇത് തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നടപടിയാണ്. കേരളനിയമസഭയുടെ വികാരം ഉള്‍ക്കൊള്ളാന്‍ പ്രധാനമന്ത്രി തയ്യാറല്ല. സംസ്ഥാന ധനമന്ത്രിയും താനും കൂടി നേരത്തെ തന്നെ ധനമന്ത്രിയ കണ്ടതാണ്. ധനമന്ത്രിയെ കാണാന്‍ വേണ്ടി മാത്രം ഇപ്പോള്‍ ദല്‍ഹിയില്‍ പോകേണ്ട കാര്യമില്ല. ധനകാര്യമന്ത്രിയെ കാണേണ്ടതില്ല എന്ന വാശിയൊന്നും ഞങ്ങള്‍ക്കില്ല, പക്ഷേ ഇപ്പോള്‍ അദ്ദേഹത്തെ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


കാണാനുള്ള അനുമതി പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തി. തുടര്‍ന്നാണ് സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണേണ്ടതില്ലെന്ന് തീരുമാനിച്ചത്.