ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ കക്ഷി ചേരാനായി മത്സ്യതൊഴിലാളികള്‍ നല്‍കിയ അപേക്ഷ തുറന്ന കോടതിയില്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി. എട്ട് മത്സ്യതൊഴിലാളികള്‍ ഉള്‍പ്പടെ 10 പേര്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ അപേക്ഷയാണ് ലിസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചിരിക്കുന്നത്.
കേസില്‍ നേരത്തെ കക്ഷി അല്ലാതിരുന്നതിനാല്‍ ഇനി കക്ഷി ചേര്‍ക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യാന്തര ട്രിബ്യുണലിന്റെ തീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കടല്‍കൊല കേസിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സെന്റ് ആന്റണീസ് ബോട്ടില്‍ ഉണ്ടായിരുന്ന എട്ട് മല്‍സ്യ തൊഴിലാളികളും ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും ബോട്ടില്‍ ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മത്സ്യ തൊഴിലാളി പ്രിജിന്റെ അമ്മയും സുപ്രീം കോടതിയെ സമീപിച്ചത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തങ്ങളുടെ വാദം കേള്‍ക്കാതെ സുപ്രീം കോടതിയിലെ കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ യാഷ് തോമസ് മണ്ണുള്ളി മുഖേനെ ഇവര്‍ രജിസ്ട്രിയെ സമീപിച്ചത്. എന്നാല്‍ അഭിഭാഷകന്‍ ഇ മെയില്‍ വഴി നല്‍കിയ അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി രജിസ്ട്രി അറിയിച്ചിരിക്കുന്നത്.
2013-ലെ സുപ്രീം കോടതി ചട്ട പ്രകാരം രജിസ്ട്രിയില്‍ നേരിട്ട് ഫയല്‍ ചെയ്യുന്ന ഹര്‍ജികള്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കാന്‍ കഴിയു. ഇപ്പോഴത്തെ അപേക്ഷകര്‍ കേസില്‍ നേരത്തെ കക്ഷി അല്ലാതിരുന്നതിനാല്‍ ഇനി കക്ഷി ചേര്‍ക്കാന്‍ കഴിയില്ല. ഈ കാരണങ്ങളാല്‍ ഇ മെയിലൂടെ ലഭിച്ച ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചു.
വെള്ളിഴ്ച കേസ് സുപ്രീം കോടതി പരിഗണിയ്ക്കും. കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തെ കേരളം എതിര്‍ത്തേക്കും. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചവരില്‍ മലയാളികള്‍ ഉള്ളതിനാല്‍ കേരളത്തിന്റെ നിലപാട് സുപ്രീം കോടതി കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുമെന്നാണ് വിവരം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ