തിരുവനന്തപുരം: ലോക് ഡൗണ്‍ നീട്ടികൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കേരളം സന്നദ്ധമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക്. അതേസമയം കേരളത്തിലെ ഇളവുകളെ സംബന്ധിച്ച് നാളെ ചേരുന്ന കാബിനറ്റ് യോഗത്തിലാവും തീരുമാനം എടുക്കുകയെന്നും മന്ത്രി അറിയിച്ചു.
ഇളവുകളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളനുസരിച്ചാവും തീരുമാനിക്കുകയെന്നും മന്ത്രി അറിയിച്ചു. അതേസമയം ലോക് ഡൗണ്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആളുകള്‍ വീട്ടിലിരിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് രോഗമുണ്ടോ ഇല്ലയോ എന്നതിനെ സംബന്ധിച്ച പരിശോധന നടക്കുന്നില്ല എന്നതാണ് ഇന്ത്യയുടെ ദൗര്‍ബല്യമെന്നും മന്ത്രി പറഞ്ഞു.
‘ആളുകള്‍ വീട്ടിലിരിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് രോഗമുണ്ടോ ഇല്ലയോ എന്നതിനെ സംബന്ധിച്ച പരിശോധന നടക്കുന്നില്ല എന്നിടത്താണ് ഇന്ത്യയുടെ ദൗര്‍ബല്യം കിടക്കുന്നത്. ഇന്നും ലോകത്ത് ഏറ്റവും കുറവ് ടെസ്റ്റുകള്‍ നടത്തുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഇതിന് മാറ്റമുണ്ടായാലേ ലോക് ഡൗണ്‍ കൊണ്ട് കാര്യമുള്ളു,’ മന്ത്രി പറഞ്ഞു.
ലോക് ഡൗണില്‍ കിടക്കുന്ന ജനതയ്ക്ക് ഭക്ഷണവും പണവുമെത്തിക്കണം. ലോക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ പല കുടിയേറ്റ തൊഴിലാളികളും സ്വന്തം നാടുകളിലേക്ക് പോയി. ഇപ്പോള്‍ പലയിടങ്ങളിലും ജനങ്ങള്‍ പട്ടിണിയുടെ വക്കത്താണെന്നും ധനമന്ത്രി പറഞ്ഞു. അവരുടെ ഉപജീവനം ഉറപ്പു വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മെയ് മൂന്നു വരെയാണ് രാജ്യത്ത് ലോക് ഡൗണ്‍ നീട്ടിയത്. ഏപ്രില്‍ 20 വരെ രാജ്യത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചു.
കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ഇതുവരെ ജയിച്ചെന്നും മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ച നിലയിലാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രശ്നം കണ്ടപ്പോള്‍ തന്നെ ഇന്ത്യ നടപടിയെടുത്തത് ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കലാണ് മികച്ച പോംവഴിയെന്നും ഹോട്ട് സ്പോട്ട് മേഖലകളെക്കുറിച്ച് കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.