| Saturday, 29th June 2019, 8:31 am

മോദിയുടെ വാദം കള്ളം; കേരളം ആയുഷ്മാന്‍ പദ്ധതിയില്‍ അംഗമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളം ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ പങ്കാളിയല്ലെന്ന പ്രധാനമന്ത്രിയുടെ വാദം പൊളിയുന്നു. കേന്ദ്ര ആരോഗ്യസഹമന്ത്രി തന്നെ കേരളം പദ്ധതി നടത്തിപ്പിനായി ധാരണപത്രം ഒപ്പിട്ടിട്ടുണ്ടെന്ന് ലോക്‌സഭയെ അറിയിച്ചു.

കേരളമടക്കം 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആയുഷ്മാന്‍ ഭാരത് പദ്ധതി നടത്തിപ്പിനായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഒടുവില്‍ അംഗമായത് പശ്ചിമ ബംഗാളാണ്.

തെലങ്കാനയും ഒഡീഷയും ദല്‍ഹിയുമാണ് പദ്ധതിയില്‍ അംഗമാകാത്തത്. കേരളം പദ്ധതിയില്‍ അംഗമല്ലെന്ന് നേരത്തെ മോദി ഗുരുവായൂരില്‍ പറഞ്ഞിരുന്നു.

ഒരസുഖം വന്നെന്ന് കരുത് ഭൂമിയോ വീടോ സ്വത്തോ സ്വര്‍ണമോ വില്‍ക്കേണ്ടി വരാതിരിക്കാനും കടം വാങ്ങേണ്ടി വരാതിരിക്കാനുമാണ് ഈ പദ്ധതി. ബി.പി.എല്‍ പരിധിയിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതി ലക്ഷക്കണക്കിന് പേര്‍ക്ക് ഗുണമായിട്ടുണ്ട്. പക്ഷേ ഈ പദ്ധതി കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നായിരുന്നു മോദിയുടെ പ്രസംഗം.

എന്നാല്‍ പ്രധാനമന്ത്രിയുടെ വാദങ്ങള്‍ തള്ളി ആരോഗ്യമന്ത്രി ശൈലജ ടീച്ചറും ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തിയിരുന്നു.

18 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമേ ആനുകൂല്യമുള്ളൂവെങ്കിലും കേരളത്തിന്റെ ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടുത്താതെ കേരളം ഇപ്പോള്‍ കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിറുത്തിക്കൊണ്ടാണ് പദ്ധതിയില്‍ ചേര്‍ന്നത്.

കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതി എന്നപേരില്‍ ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമായിട്ടാണെന്നും കേരളത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി രൂപീകരിക്കുകയാണ് ചെയ്‌തെന്നും ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more