| Saturday, 30th March 2013, 6:59 pm

ടോള്‍ പിരിവിനെ കേരളം ഒരിക്കലും എതിര്‍ത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റോഡ് വികസനവുമായി ബന്ധപ്പെട്ട ടോള്‍ പിരിവിനെ ഒരിക്കലും കേരളം എതിര്‍ത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇനിയങ്ങോട്ടുള്ള കാലം ടോള്‍ പിരിവ് റോഡ് വികസനത്തിന് അത്യാവശ്യമാണെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ അമിതമായ ടോള്‍ പിരിവ് നടന്നാല്‍ വ്യാപകമായ പ്രതിഷേധമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അമിതമായ ടോള്‍ പിരിവ് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ് കേന്ദ്രത്തിന് അയച്ച കത്തിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.[]

നാല് ദേശീയ പാതകളുടെ കാര്യത്തിലാണ് ടോള്‍പിരിവ് ബാധകമാകുന്നത്. സംസ്ഥാന ഹൈവേകളായിരുന്ന ബോഡിമേട്-കുണ്ടന്നൂര്‍, കൊല്ലം-കഴുതുരുട്ടി, കോഴിക്കോട്-മുത്തങ്ങ, കോഴിക്കോട്-പാലക്കാട്, കൊല്ലം-തേനി എന്നിവയില്‍ കാര്യമായ വികസനമൊന്നും കൊണ്ടുവരാതെ ടോള്‍ ഏര്‍പ്പെടുത്തുന്നതിനെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത്. സംസ്ഥാനപാതകള്‍ ഏറ്റെടുത്ത ദേശീയപാതാ അധികൃതര്‍ നിലവില്‍ രണ്ടുവരി പാതയായ ഇവയെ രണ്ടുവരിയായി തന്നെയാണ് വികസിപ്പിക്കുന്നത്.

ഇതില്‍ കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താതെ ടോള്‍ പിരിവ് ഏര്‍പ്പെടുത്തിയാല്‍ വ്യാപക പ്രതിഷേധം ഉണ്ടാകും. പുതുതായി പാലം നിര്‍മിക്കുക, രണ്ട് ലൈന്‍ നാല് ലൈനാക്കുക എന്നീ പണികള്‍ ചെയ്തിട്ടാണ് ടോള്‍ പിരിവ് നടത്തുന്നതെങ്കില്‍ സ്വാഭാവികമെന്ന് കരുതാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് നാഷണല്‍ ഹൈവേകളുടെ വികസനത്തിന് മാറ്റിവച്ച തുക സംസ്ഥാന സര്‍ക്കാരിന് നല്‍കിയാല്‍ ബാക്കി തുക സ്വന്തം നിലയ്ക്ക് ചേര്‍ത്ത്  കേരളം തന്നെ പണി പൂര്‍ത്തിയാക്കും  എന്നാണ് കേന്ദ്രത്തെ അറിയിച്ചത്. മറ്റ് റോഡുകളുടെ കാര്യത്തില്‍ ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more