കാസര്‍കോട്: കൊവിഡ് വ്യാപനകാലത്ത് ഏറ്റവും സുരക്ഷിതം കേരളത്തിലാണെന്ന് ഇറ്റലിക്കാരിയായ വിനോദസഞ്ചാരി റീത്ത ലാന്‍സിയാനോ. എട്ടു മാസംമുമ്പ് ഇന്ത്യയിലെത്തിയ റീത്ത നിരവധി സ്ഥലങ്ങളില്‍ സഞ്ചരിച്ചശേഷമാണ് കര്‍ണാടകത്തിലെ കൂര്‍ഗിലെത്തിയത്.
എന്നാല്‍ അപ്പോഴേക്കും അവിടെ കൊവിഡ് വ്യാപിച്ചിരുന്നു. ഇറ്റാലിയന്‍ പത്രങ്ങള്‍ വഴി കേരളമാണ് സുരക്ഷിത കേന്ദ്രമെന്ന് മനസിലാക്കിയാണ് കാസര്‍കോട്ടേക്ക് എത്തിയത്.
സ്‌പെയിന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കേരളത്തിന്റെ ആരോഗ്യ സംവിധാനം മാതൃകയാക്കിയിരുന്നെങ്കില്‍ നേരത്തെ നിയന്ത്രിക്കാനാവുമായിരുന്നുവെന്ന് റീത്ത പറഞ്ഞു. യൂറോപ്പില്‍ ടെസ്റ്റിന് 200 യൂറോ(17,200 രൂപ)യാണ് ചെലവ്. ഇവിടെ സര്‍ക്കാര്‍ സൗജന്യമായി ചെയ്യുന്നുവെന്നും റീത്ത കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും നല്‍കുന്ന കരുതല്‍ ലോകനിലവാരത്തിലുള്ളതാണ്. രോഗഭീതി ഒഴിയുന്നതുവരെ കേരളത്തില്‍ സുരക്ഷിതമായി കഴിയാനാണ് ആഗ്രഹമെന്നും റീത്ത പറഞ്ഞു. ഡോ. സിദ്ധാര്‍ഥ് രവീന്ദ്രനാണ് കാഞ്ഞങ്ങാട്ട് ഇവര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്.