ചെന്നൈ: രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് നടന്‍ കമല്‍ഹാസന്‍. തമിഴ് മാസികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തിയിലാണ് കമല്‍ഹാസന്റെ പ്രതികരണം.
വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഹിന്ദുത്വ തീവ്രവാദം പിടികൂടിയിരിക്കുകയാണെന്നും കമല്‍ പറഞ്ഞു. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും താരം പറഞ്ഞു.
ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു ജാതിയുടെ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ രാഷ്ട്രീയത്തിന് താല്‍ക്കാലിക ആയുസ് മാത്രമെയൊള്ളൂവെന്നും കമല്‍ മറുപടി പറഞ്ഞു.
അതേ സമയം ഹിന്ദുത്വ തീവ്രവാദത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്കായിട്ടുണ്ടെന്നും താരം പറഞ്ഞു.
സത്യമേവ ജയതേ എന്ന ആപ്തവാക്യത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നും കൈയൂക്കാണ് ശരിയെന്നാണ് അത്തരക്കാരുടെ വിശ്വാസമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ താരങ്ങളെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതിലൂടെ ഇവരുടെ മനസിലെ വിഷം എത്രത്തോളമാണെന്ന് വെളിപ്പെട്ടെന്നും കമല്‍ പറഞ്ഞു.
നേരത്തെ മെരസല്‍ സിനിമ വിവാദത്തിനിടെ വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങള്‍ക്കെതിരായ സംഭാഷണം സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും ബി.ജെ.പി നേതാവ് എച്ച്. രാജ പറഞ്ഞിരുന്നു. ഇതിനുള്ള വിമര്‍ശനം കൂടിയാണ് കമലിന്റെ മറുപടി.
സാമൂഹിക നീതിയില്‍ തമിഴ്‌നാട് മാതൃകയാകുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.