കേരളം ദല്‍ഹിക്ക് സമാനമായ സാഹചര്യത്തിലേക്കെത്താം; ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം 75 ശതമാനം വരെയെത്തിയെന്ന് വിദഗ്ധസമിതി
Kerala News
കേരളം ദല്‍ഹിക്ക് സമാനമായ സാഹചര്യത്തിലേക്കെത്താം; ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം 75 ശതമാനം വരെയെത്തിയെന്ന് വിദഗ്ധസമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th April 2021, 7:56 am

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ദല്‍ഹിക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്ന് വിദഗ്ധ സമിതി മുന്നറിയിപ്പ്. കേരളത്തിലെ ജനിതക പഠനത്തെക്കുറിച്ച് പഠിച്ച വിദഗ്ധരാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വലിയ തോതില്‍ പടരുകയാണ്. 75 ശതമാനത്തിന് മുകളില്‍ വരെ ഈ വൈറസുകളുടെ വ്യാപനം എത്തിയിരിക്കാമെന്നും സമിതി പറയുന്നു.

ഏപ്രില്‍ ആദ്യവാരത്തെ പഠന ഫലം പുറത്ത് വന്നപ്പോള്‍ 40 ശതമാനം പേരിലാണ് ഈ വകഭേദം കണ്ടെത്തിയിരുന്നതെങ്കില്‍ മൂന്നാഴ്ച പിന്നിടുമ്പോള്‍ 75 ശതമാനത്തിന് മുകളില്‍ എത്തിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ജനിതക വ്യതിയാനം സംഭവിച്ച ഈ വൈറസാണ് രോഗ വ്യാപനത്തിന്റെ തോത് വര്‍ധിപ്പിച്ചതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 50,000ത്തിന് മുകളിലെത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

മൂന്നാഴ്ച മുമ്പ് ദല്‍ഹിയില്‍ കണ്ടതിന് സമാനമായ സാഹചര്യമാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്നും വിദഗ്ധ സമിതി അവലോകന യോഗത്തില്‍ പറഞ്ഞു. കരുതിയില്ലെങ്കില്‍ ഓക്‌സിജന്‍ തികയാത്ത സാഹചര്യമുണ്ടാകും. രോഗമുക്തി നിരക്ക് കുറയുകയും ചെയ്യും.

രോഗവ്യാപനം വര്‍ധിച്ചാല്‍ ആശുപത്രി കിടക്കകളും വെന്റിലേറ്റര്‍ സൗകര്യങ്ങളും മതിയാകാത്ത സാഹചര്യമുണ്ടാകുമെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം നിലവില്‍ ഓക്‌സിജന്‍ സംഭരണത്തില്‍ കുറവില്ലെന്നാണ് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയത്. രോഗികളുടെ എണ്ണം 30,000ന് മുകളില്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കരുതിയാണ് ഇരിക്കുന്നതെന്നും 510 മെട്രിക് ടണ്ണോളം ഓക്‌സിജന്‍ കരുതല്‍ ശേഖരമുണ്ടെന്നുമാണ് ആരോഗ്യ മന്ത്രി പറഞ്ഞത്. ഏത് പ്രതികൂല സാഹചര്യത്തേയും പ്രതിരോധിക്കാന്‍ പറ്റുന്ന തരത്തില്‍ കരുതല്‍ ശേഖരമായ 1000 മെട്രിക് ടണ്ണായി വര്‍ധിപ്പിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തതായും മന്ത്രി അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala is getting to the similar state of Delhi in rise of covid cases