| Wednesday, 30th June 2021, 9:11 am

ഐ.എസ്. റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെങ്കിലും കേരളം പൂര്‍ണ സുരക്ഷിതം; ലവ് ജിഹാദ് എന്നത് പ്രാദേശിക പ്രയോഗം മാത്രമാണെന്നും ലോക്‌നാഥ് ബെഹ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ഐ.എസ്. റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെങ്കിലും സംസ്ഥാനം പൂര്‍ണമായും സുരക്ഷിതമാണെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

വിദ്യാഭ്യാസനിലവാരം കൂടുതലുള്ള കേരളത്തില്‍നിന്ന് അവര്‍ റിക്രൂട്ടിങ് സാധ്യത തേടുന്നത് തുടര്‍ന്നേക്കും. എന്നാല്‍, അത് തടയാന്‍ പൊലീസ് സജ്ജമാണെന്നും ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.

2016-’17 കാലത്ത് കേരളത്തില്‍നിന്ന് ചിലരെ അവര്‍ റിക്രൂട്ടുചെയ്തിരുന്നു. പിന്നീട് ശ്രമങ്ങള്‍ തടയാനായെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമുള്ളതും വികസിതവുമായ പ്രദേശങ്ങളില്‍നിന്ന് ആളുകളെ റിക്രൂട്ടുചെയ്യാനാണ് തീവ്രവാദസംഘടനകള്‍ ലക്ഷ്യംവെക്കുന്നതെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.

മുംബൈ, ദല്‍ഹി, കേരളം എന്നിവയൊക്കെ ഉദാഹരണങ്ങളാണെന്നും എന്നാല്‍, കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം അത്തരം ശ്രമങ്ങള്‍ ഇവിടെയില്ലാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലവ് ജിഹാദ് എന്നത് ഒരു പ്രാദേശിക പ്രയോഗം മാത്രമാണ്. വ്യത്യസ്തമതങ്ങളിലുള്ളവര്‍ വിവാഹിതരാകുന്നത് ഇവിടെ പുതിയതല്ലെന്നും അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ബെഹ്റ പറഞ്ഞു.

നേരത്തെ കേരളം ഐ.എസ്. തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു. താന്‍ വന്നശേഷം ഭീകരവിരുദ്ധ സ്‌ക്വാഡിന് രൂപംനല്‍കിയെന്നും അവരുടെ ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ അത് കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ലെന്ന് പറയാനാകില്ലെന്നും ബെഹ്റ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Kerala is completely safe despite IS recruitment; “Love jihad is just a local expression,” Loknath Behra said

We use cookies to give you the best possible experience. Learn more