| Monday, 30th October 2023, 12:35 pm

'കേരളത്തിലെ ഇന്റലിജൻസ് സംവിധാനം കൂടുതൽ ശക്തമാക്കും; കേരളം ഒറ്റക്കെട്ടായി നിൽക്കും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കളമശ്ശേരിയിൽ നടന്നത് പോലെയുള്ള സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ നിലവിലെ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

സംസ്ഥാനം ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കുമ്പോഴും ഹമാസുമായി ബന്ധപ്പെടുത്തിയുള്ള പരാമർശങ്ങൾ ചില പാർട്ടി നേതാക്കളിൽ നിന്നുണ്ടായത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ പൊലീസിന്റെ നിലവിലുള്ള ഇന്റലിജൻസ് സംവിധാനം കുറേക്കൂടി ശക്തിപ്പെടുത്തണം. നല്ല രീതിയിലുള്ള നിരീക്ഷണങ്ങളും സംവിധാനങ്ങളും പൊലീസ് കൂടുതലായി ഏർപ്പെടുത്തണം.

നമ്മുടെ സമൂഹമാധ്യമങ്ങൾ വഴിയുള്ള വിദ്വേഷ പ്രചാരണത്തെ കൃത്യമായി നിരീക്ഷിക്കാൻ, അതിനെ തടയിടാൻ കുറേകൂടി ആധുനികമായിട്ടുള്ള സംവിധാനങ്ങളും സാങ്കേതികതയും ഉണ്ടാകണം.

പൊതുവേ കേരളം ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നിച്ച് ഒരു തീരുമാനം എടുത്തപ്പോൾ, ദൗർഭാഗ്യകരമായ ചില പരാമർശങ്ങൾ ചില ഭാഗത്തുനിന്ന് ഉണ്ടായി. വളരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു പാർട്ടിയുടെ നേതാവ് തന്നെ ആദ്യം ഇതിനെ ഫലസ്തീനുമായി ബന്ധപ്പെടുത്തിയിരുന്നു. പിന്നെ ഒരു കേന്ദ്രമന്ത്രി തന്നെ വളരെ മോശമായി, നമ്മുടെ സംസ്ഥാനത്തിന് അധിക്ഷേപകരമായ രീതിയിൽ പരാമർശം നടത്തുകയുണ്ടായി. അത്തരമൊരു പരാമർശം ഉണ്ടാകാൻ പാടില്ല.

ഞങ്ങളെല്ലാം ചെയ്തത് ഉത്തരവാദിത്തത്തോട് കൂടിയാണ്. കാരണം പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. ഒരുതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നാണ് പ്രതിപക്ഷം എടുത്ത നിലപാട്. ഇനിയും ഇക്കാര്യത്തിൽ കുറെക്കൂടി സമഗ്രമായി എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണം ഉണ്ടാകണം.

പ്രതിപക്ഷം മുന്നോട്ടുവെച്ച ഈ എല്ലാ ആവശ്യങ്ങളും സർക്കാരും മുഖ്യമന്ത്രിയും അംഗീകരിച്ചു.

ഈ സംഭവത്തിൽ ഇന്റലിജൻസിനെ വീഴ്ച ഉണ്ടായി എന്നൊരു ആക്ഷേപം പ്രതിപക്ഷം ഉന്നയിക്കുന്നില്ല. ഇന്റലിജൻസ് സംവിധാനം ഇനി കുറെക്കൂടി ശക്തിപ്പെടുത്തണം,’ സതീശൻ പറഞ്ഞു.

അതേസമയം ഇത്തരം സന്ദർഭങ്ങളിൽ സർക്കാരും പ്രതിപക്ഷവും എങ്ങനെയാണ് പെരുമാറുക എന്ന് വ്യക്തമായെന്ന് ഉപപ്രതിപക്ഷ നേതാവ് പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണം നടത്തുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മളെല്ലാവരും ഈയൊരു സന്ദർഭത്തിൽ വളരെ ഉത്തരവാദിത്തത്തോട് കൂടി ഒരു നിലയിലേക്ക് വരികയാണ് വേണ്ടത്. ഇന്നലെ പെട്ടെന്നാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. കേരളത്തിൽ ഇതുപോലെ ഒരു സംഭവം ഉണ്ടാകാവുന്നതാണ് എന്നും അത് നമ്മളെ എത്രമാത്രം ഒരു മുൾമുനയിൽ നിർത്തും എന്നുള്ളതും ഇന്നലെ മനസിലായി.

മാത്രമല്ല സർക്കാരാണെങ്കിലും പ്രതിപക്ഷം ആണെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ പെരുമാറും എന്നുള്ളതും നമുക്ക് മനസിലായി. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും കൂടി ആ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. പൊതുമാധ്യമങ്ങളൊക്കെ അത് കാണിച്ചു. പക്ഷേ സാമൂഹ്യമാധ്യമങ്ങൾ ഒക്കെ വല്ലാതെ വിദ്വേഷം പരത്താൻ നോക്കുന്ന ഒരു സ്ഥിതിയുണ്ട്.

അധികാര സ്ഥാനത്ത് ഇരിക്കുന്ന ഒരു കേന്ദ്രമന്ത്രി ഒക്കെ ഇങ്ങനെ പറയുന്നത് വളരെ മോശമാണ്. ഈ സാഹചര്യത്തിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് ശരിയല്ല.

കേരളം ഇതിനെതിരെ ഒറ്റക്കെട്ടായി നിന്നത് നന്നായി. ഇനിയും നിൽക്കണം എന്നു തന്നെയാണ് പ്രതിപക്ഷം എന്ന നിലയിൽ ഞങ്ങളുടെ അഭിപ്രായം,’ അദ്ദേഹം പറഞ്ഞു.

Content Highlight: Kerala Intelligence will be strengthened more says Oppostion leader VD Satheeshan

We use cookies to give you the best possible experience. Learn more