തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപീകരിച്ച ബോര്‍ഡ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി)യില്‍ 2150 കോടി രൂപ നിക്ഷേപിച്ച് വിദേശ നിക്ഷേപകര്‍. ഇതോടെ വിദേശ കടപ്പത്ര വിപണിയിലെ ആദ്യ സംസ്ഥാനമാകുകയാണ് കേരളം.
2019 മാര്‍ച്ച് 29-ാം തീയതിയാണ് മസാലബോണ്ടിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണം കിഫ്ബിയുടെ അക്കൗണ്ടില്‍ എത്തിയത്. കഴിഞ്ഞ പതിനഞ്ചു മാസമായി കിഫ്ബി ആഗോള ധനകാര്യ വിപണിയില്‍ നടത്തിവരികയായിരുന്ന അതിസങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നും രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് നന്ദി രേഖപെടുത്തുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.
കിഫ്ബി ഉഡായിപ്പാണെന്നു പറഞ്ഞവര്‍ക്കും സന്ദേഹവാദികള്‍ക്കും മറുപടി ലഭിച്ചിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബി ഉഡായിപ്പ് അല്ലായെന്ന് ഇനിയെങ്കിലും ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് അംഗീകരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും തോമസ് ഐസക്ക് പറഞ്ഞു.
2150 കോടി രൂപയുടെ മസാലബോണ്ട് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവ് ഉഡായിപ്പ് പ്രയോഗം നടത്തിയത്. എന്നാല്‍ ലോകത്തെ പ്രമുഖ നിക്ഷേപകരാരും ഈ ആരോപണങ്ങളെ ചെവിക്കൊണ്ടില്ല. അവരൊക്കെയും കിഫ്ബിയില്‍ വലിയ വിശ്വാസം അര്‍പ്പിച്ചു. അത് സംസ്ഥാന സര്‍ക്കാരിലുള്ള വിശ്വാസം കൂടിയാണ്. ആ വിശ്വാസം പാലിക്കാനുള്ള വെല്ലുവിളി കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ഏറ്റെടുക്കുന്നു. കേരളത്തിന്റെ പശ്ചാത്തലസൗകര്യ സൃഷ്ടിക്കുള്ള ധനസമാഹരണത്തില്‍ പുതിയൊരു വഴി തുറക്കുകയാണ് കിഫ്ബി. അതെ, തീര്‍ച്ചയായും കിഫ്ബി ചരിത്രം കുറിക്കുക തന്നെയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
ലണ്ടന്‍, സിങ്കപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്നാണ് പണം സമാഹരിച്ചത്. 2024ലാണ് തുക മടക്കി നല്‍കേണ്ടത്. 9.25 ശതമാനമാണ് പലിശ നിരക്ക്.
വിദേശ വിപണിയില്‍ ഇന്ത്യന്‍ കറന്‍സിയില്‍ ഇറക്കുന്ന കടപ്പത്രങ്ങളാണ് മസാല ബോണ്ടുകള്‍. ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് മേഖലയിലെ വന്പന്‍ കാന്പനികളാണ് കിഫ്ബിയില്‍ നിക്ഷേപം നടത്താന്‍ തയ്യാറായത്. ആക്‌സിസ് ബാങ്ക് വഴി 2150 കോടി രൂപ കിഫ്ബി അക്കൗണ്ടിലെത്തി. 9.25 ശതമാന പലിശനിരക്കില്‍ 2024ല്‍ ഈ തുക തിരിച്ചടയ്ക്കണം.
നിലവിലുള്ള സമ്പദ്ഘടനയെ ഒരുതരത്തിലും ബാധിക്കാത്ത തരത്തില്‍ പണം തിരിച്ചടയ്ക്കുന്ന വിധമാണ് കണ്‍ട്രോള്‍ഡ് ലിവറേജ് മാതൃക. മസാല ബോണ്ടില്‍ ഈ മാതൃകയാണ് കേരളം അവലംബിച്ചത്.
2016ലാണ് റിസര്‍വ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന് അനുമതി നല്‍കിയത്. ഇതിന് ശേഷമുള്ള മൂന്നാമത്തെ വലിയ സമാഹരണമാണിത്.