കേരളം ഐ.സി.യുവിലെന്ന് ശശി തരൂര്‍; കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം
COVID-19
കേരളം ഐ.സി.യുവിലെന്ന് ശശി തരൂര്‍; കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th August 2021, 12:49 pm

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. കൊവിഡ് വ്യാപനത്തില്‍ കേരളത്തിലേത് ഗുരുതര സാഹചര്യമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു.

കേരളം ഐ.സി.യുവിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

‘സംസ്ഥാനത്തേത് ഗൗരവമായ സാഹചര്യമാണ്. എല്ലാവരും ഒന്നിച്ചു നില്‍ക്കണം,’ അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെതിരെ വി.ടി. ബല്‍റാമും കെ.എസ്. ശബരീനാഥനും രംഗത്തെത്തി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് സാഹചര്യം വിശദീകരിക്കണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു.

ബി.ജെ.പിയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനമുള്ള സംസ്ഥാനമാണ് കേരളം. ബുധനാഴ്ച മാത്രം പുതുതായി 31,445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ കഴിഞ്ഞ ദിവസം രോഗ ബാധ സ്ഥിരീകരിച്ചത്.

മൂന്ന് മാസത്തിനിടെ ആദ്യമായാണ് സംസ്ഥാനത്ത് 30000-ത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുന്നത്. ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്.

റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,06,19,046 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala in ICU Shasi Tharoor