| Sunday, 22nd April 2018, 11:33 pm

ഹര്‍ത്താല്‍ ആസൂത്രണം ചെയ്ത ആര്‍.എസ്.എസുകാര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതിന് ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളോട് മാപ്പ് പറയണമെന്ന് പി.ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സോഷ്യല്‍മീഡിയ ഹര്‍ത്താലില്‍ ജമാഅത്തെ ഇസ്‌ലാമിക്കും പോപ്പുലര്‍ഫ്രണ്ടിനുമെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സംഘപരിവാര്‍ ആസൂത്രണം ചെയ്ത ഹര്‍ത്താലിന് ഇരുസംഘടനകളും കരുക്കളായി മാറിയെന്നും ഹര്‍ത്താലിനെതിരെ മതനിരപേക്ഷ സമൂഹത്തിന്റെ സത്തക്കനുസരിച്ച് പ്രവര്‍ത്തിച്ച ഗവണ്മെന്റിനെയും പോലീസിനെയും കുറ്റപ്പെടുത്താനാണ് ഇസ്‌ലാമിസ്റ്റ് സംഘ
നകള്‍ ശ്രമിച്ചതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിലാണ് ജയരാജന്റെ പ്രതികരണം. പോസ്‌കോ നിയമത്തിലെ വകുപ്പുകള്‍ അക്രമത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രയോഗിച്ചതിന്റെ പേരില്‍ എല്‍.ഡി.എഫിനെയും സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്ന ഇത്തരം സംഘടനകള്‍ക്ക് ഗൂഢാലചനക്കാരെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും ജയരാജന്‍ ചോദിക്കുന്നു.

കാശ്മീര്‍ പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ചതിന്റെ പേരില്‍ നിയമപ്രകാരം കേസെടുത്ത പോലീസിനെ വിമര്‍ശിക്കുന്നവര്‍ ഈ വകുപ്പ് പ്രകാരം ആസൂത്രകരായ ആര്‍.എസ്.എസുകാര്‍ക്കെതിരെയും എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് പറയുമോ ?. കേരളത്തില്‍ വര്‍ഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ പരിശ്രമിച്ചതെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കലാപത്തിന്റെ ആസൂത്രകരായ സംഘപരിവാറുകാരെയടക്കം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന എല്‍.ഡി.എഫ് സര്‍ക്കാറിനെയും പോലീസിനെയും അഭിനന്ദിക്കുന്നതായും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


Read more: നിക്കരഗ്വേ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 25 ആയി; പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു


ഫേസ്ബുക്ക് പോസ്റ്റ്

പിച്ചി ചീന്തി കൊല ചെയ്യപ്പെട്ട കാശ്മീര്‍ പെണ്‍കുട്ടിയുടെ പേരില്‍ പ്രതിഷേധിക്കാന്‍ എന്ന വ്യാജേനെ നടത്തിയ ഹര്‍ത്താല്‍ കേരളത്തില്‍ ഒരു വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കത്തക്ക നിലയില്‍ സംഘപരിവാരം ആസൂത്രണം ചെയ്തതാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.ഇത് മനസ്സിലാക്കി മതനിരപേക്ഷ സമൂഹത്തിന്റെ സത്തക്കനുസരിച്ച് പ്രവര്‍ത്തിച്ച ഗവണ്മെന്റിനെയും പോലീസിനെയും കുറ്റപ്പെടുത്താനാണ് മേല്‍പറഞ്ഞ ഇസ്ലാമിസ്റ്റ് സംഘടനകള്‍ പരിശ്രമിച്ചത്.

പോസ്‌കോ നിയമത്തിലെ വകുപ്പുകള്‍ അക്രമത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രയോഗിച്ചതിന്റെ പേരില്‍ എല്‍ ഡി എഫിനെയും സംസ്ഥാന ഗവണ്മെന്റിനെയും കുറ്റപ്പെടുത്തുന്ന ഇത്തരം സംഘടനകള്‍ക്ക് ഗൂഡാലചനക്കാരെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ എന്താണ് പറയാനുള്ളത് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.
അവര്‍ യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് ലക്ഷ്യമിട്ട് സംഘപരിവാര്‍ ആസൂത്രണം ചെയ്ത കലാപത്തിന്റെ കരുക്കളായി മാറുകയാണ് ചെയ്തത്.

കാശ്മീര്‍ പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ചതിന്റെ പേരില്‍ നിയമപ്രകാരം കേസെടുത്ത പോലീസിനെ വിമര്‍ശിക്കുന്നവര്‍ ഈ വകുപ്പ് പ്രകാരം ആസൂത്രകരായ ആര്‍ എസ് എസുകാര്‍ക്കെതിരെയും എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്ന് പറയുമോ?

നേരത്തെ സിപിഐ(എം) വ്യക്തമാക്കിയത് പോലെ മതനിരപേക്ഷത ശക്തമായി നിലകൊള്ളുന്ന കേരളത്തില്‍ വര്‍ഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ പരിശ്രമിച്ചതെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ കലാപത്തിന്റെ ആസൂത്രകരായ സംഘപരിവാറുകാരെയടക്കം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന എല്‍ ഡി എഫ് സര്‍ക്കാറിനെയും പോലീസിനെയും അഭിനന്ദിക്കുന്നു.

We use cookies to give you the best possible experience. Learn more