തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒമ്പത് മാസത്തിലേറെയായി അടച്ചിട്ട സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
ഇതുസംബന്ധിച്ച അന്തിമ ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. അധ്യയനനഷ്ടം പരിഹരിക്കാന്‍ കോളജുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിവസമാക്കും.
കോളേജുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ 50 ശതമാനത്തില്‍ താഴെ ഹാജറോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് കോളജുകള്‍ പ്രവര്‍ത്തിക്കേണ്ടത്.
ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ലോ, മ്യൂസിക്, ഫൈന്‍ ആര്‍ട്‌സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, പോളിടെക്‌നിക് കോളജുകളിലും ബന്ധപ്പെട്ട സര്‍വകലാശാലകളിലും അഞ്ച്/ആറ് സെമസ്റ്റര്‍ ബിരുദ/പി.ജി ക്ലാസുകളാണ് ആരംഭിക്കേണ്ടത്.
സാങ്കേതിക സര്‍വകലാശാലയും കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയും സമാന സമയക്രമം നിശ്ചയിക്കണം.
പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ ഡിസംബര്‍ 28 മുതല്‍ കോളജുകളില്‍ ഹാജരായി ക്ലാസ് മുറികളും ലാബുകളും ഹോസ്റ്റലുകളും അണുമുക്തമാക്കിയെന്നും ലബോറട്ടറി ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നെന്നും ഉറപ്പുവരുത്തണം. അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണം.
രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയാകും കോളജുകളുടെയും സര്‍വകലാശാലകളുടെയും പ്രവര്‍ത്തനസമയം. ആവശ്യമെങ്കില്‍ പ്രിന്‍സിപ്പലിന് രണ്ട് ഷിഫ്റ്റുകളാക്കി സമയക്രമം തയാറാക്കാം.
ലാബിലെ പരിശീലനത്തിനും ഓണ്‍ലൈന്‍ ക്ലാസുകളില്‍ വരാത്ത പ്രധാന പാഠഭാഗങ്ങളിലും ഊന്നിയാവണം അധ്യയനം. ക്ലാസ് മുറികളില്‍ സാമൂഹികഅകലം പാലിച്ച് സാധ്യമായ വിദ്യാര്‍ഥികള്‍ക്ക് ഇരിപ്പിടമൊരുക്കണം. ഈ സമയം ഹാജര്‍ നിര്‍ബന്ധമാക്കരുത്.
ശാരീരികഅകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, കൈ അണുമുക്തമാക്കല്‍ എന്നിവ നിര്‍ബന്ധമാക്കണം. താപനില പരിശോധന നിര്‍ബന്ധമല്ല. സാമൂഹികഅകലം പാലിച്ച് ഹോസ്റ്റലും മെസും പ്രവര്‍ത്തിപ്പിക്കാം.
10 ദിവസത്തിന് ശേഷം ക്രമീകരണങ്ങള്‍ വിലയിരുത്തി ക്യാംപസിലെ വിദ്യാര്‍ഥികളെ വീട്ടിലേക്കയക്കുകയും മറ്റ് വിദ്യാര്‍ഥികളെ ക്ലാസ് മുറി അധ്യയനത്തിനും ലാബ് പരിശീലനത്തിനുമായി വിളിക്കുകയും ചെയ്യാം.
എണ്ണം കുറവാണെങ്കില്‍ പി.ജി, ഗവേഷകവിദ്യാര്‍ഥികളെ കാമ്പസില്‍ തുടരാന്‍ അനുവദിക്കാം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kerala Higher Education Centre Reopen on January 4