പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹരജി; കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
Kerala
പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹരജി; കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th April 2020, 1:38 pm

കൊച്ചി: പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളാരാഞ്ഞ് സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രവാസി മലയാളികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ദുബായ് കെ.എം.സി.സിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഈ പ്രത്യേക സന്ദര്‍ഭത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു.

വിസ കാലാവധി കഴിഞ്ഞവരടക്കമുള്ള പ്രവാസികള്‍ നിലവില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവര്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.

ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാനായി എമിറേറ്റ്‌സ് ഫ്‌ളൈറ്റ്‌സ് തയ്യാറാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് രോഗമില്ലാത്തവരെ പരിശോധനയ്ക്ക് ശേഷം കൊണ്ടുവരാന്‍ നടപടികളുണ്ടാവണമെന്നതാണ് ഹരജിയിലെ പ്രധാന ആവശ്യം.

എന്നാല്‍ രാജ്യം ഒരു പ്രത്യേക സാഹചര്യം നേരിടുകയാണെന്നും അതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാരിനെ പരിധിയില്‍ കവിഞ്ഞ് ചോദ്യം ചെയ്യാന്‍ ഹൈക്കോടതിക്കാവില്ലെന്നും കോടതി പറഞ്ഞു.

അതേസമയം തന്നെ പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഗണിച്ച് അവരെ തിരിച്ചെത്തിക്കാനുള്ള നയപരമായ തീരുമാനം ഉണ്ടെങ്കില്‍ അത് വിശദീകരിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ മാസം 17ാം തിയതി ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ