കൊച്ചി: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്താത്തതിനെതിരെയാണ് കോടതിയുടെ വിമര്‍ശനമെന്ന് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ജസ്റ്റിസ് ബെച്ചു കുര്യന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അതൃപ്തി അറിയിച്ചത്. 2023-24ലെ പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. സര്‍ക്കാരിനോട് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
ആവശ്യമെങ്കില്‍ വിദഗ്ദ സമിതിയെ നിയമിച്ച് ഗൈഡ് ലൈന്‍ തയ്യാറാക്കി കോടതിയെ അറിയിക്കാനും പറഞ്ഞിരുന്നു.
എന്നാല്‍ നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ന് കോടതി അതൃപ്തി അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസില്‍ എന്‍.സി.ആര്‍.ഇ.ടിയെയും എസ്.സി.ഇ.ആര്‍.ടിയെയും കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്.
അതേസമയം കേസില്‍ മറുപടി സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. ഗൈഡ് ലൈന്‍ സമര്‍പ്പിക്കാനും സമയം തേടിയിട്ടുണ്ട്. എന്നാല്‍ പാഠപുസ്തകം തയ്യാറായ വേളയില്‍ ഈ വര്‍ഷം ഉള്‍പ്പെടുത്താന്‍ സാധ്യമല്ല.
കഴിഞ്ഞ വര്‍ഷം ഒരു പോക്‌സോ കേസിലെ ജാമ്യം പരിഗണിക്കവേയാണ് പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് കോടതി ചര്‍ച്ച ചെയ്തത്.
content highlight: kerala highcourt on sex education