കൊച്ചി: നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തളളി.
സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹരജി നല്‍കിയത്.
സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ ഈശോ സിനിമയ്ക്ക് ബൈബിളുമായി ബന്ധമില്ലെന്നും അത് ചിത്രത്തിന്റെ പേര് തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ പരാതിക്കാരുടെ ആവശ്യത്തില്‍ കഴമ്പില്ല എന്നും കോടതി പറഞ്ഞു.
എന്തിനാണ് ഇത്തരം ഒരു വിവാദം ഉണ്ടാക്കുന്നത് എന്നും കോടതി ചോദിച്ചു. എന്നാല്‍ വിഷയത്തില്‍ സെന്‍സര്‍ബോര്‍ഡിനെ സമീപിക്കുമെന്ന് പരാതിക്കാര്‍ അറിയിച്ചു.
‘ഈശോ’ എന്ന ടൈറ്റിലും ദീലിപിനെ നായകനാക്കി ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമാപ്പേരും ക്രിസ്തീയ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഒരുവിഭാഗം മതയാഥാസ്ഥിതികരുടെ വാദം.
ഈശോയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് സംവിധായകന്‍ നാദിര്‍ഷായ്‌ക്കെതിരെയും ടൈറ്റിലിനെതിരേയും വിദ്വേഷ പ്രചരണം ആരംഭിച്ചത്. എന്നാല്‍ നാദിര്‍ഷായെ പിന്തുണച്ച് സിനിമാരംഗത്തുള്ള നിരവധി പേര്‍ എത്തിയിരുന്നു.
ഈശോ സിനിമക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഫെഫ്കയും മാക്ടയും അറിയിച്ചിരുന്നു.
സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നായിരുന്നു മാക്ട ചൂണ്ടിക്കാട്ടിയത്. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് മാക്ട പോലുള്ള സാംസ്‌കാരിക സംഘടനയുടെ ഉത്തരവാദിത്വമാണെന്നും മലയാള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേര്‍ത്തുപിടിക്കലല്ലെന്നും സിനിമ പൊതുവേ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണെന്നും മാക്ട പറഞ്ഞിരുന്നു.
ഇതിനിടെ സിനിമയ്ക്കിട്ട ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാസഭ രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്നായിരുന്നു ഇവര്‍ അഭിപ്രായപ്പെട്ടത്.
ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നായിരുന്നു കത്തോലിക്ക സഭയുടെ നിലപാട്.
സിനിമക്ക് ഈശോ എന്ന് പേരിട്ടതിനെതിരെ സീറോ മലബാര്‍ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും രംഗത്തെത്തിയിരുന്നു. ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ പേരുകള്‍ ക്രിസ്ത്യാനികളുടെ വികാരത്തെ വൃണപ്പെടുത്തുന്നുവെന്നായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞത്.
അതിനിടെ സിനിമയെ പിന്തുണച്ച് ഓര്‍ത്തഡോക്സ് തൃശൂര്‍ രൂപത മെത്രാപ്പൊലീത്ത യുഹനോന്‍ മാര്‍ മിലിത്തിയോസ് രംഗത്തെത്തിയിരുന്നു. ഒരു സിനിമക്ക് ഈശോ എന്ന് പേരിട്ടാല്‍ എന്ത് കുഴപ്പമാണ് സംഭവിക്കുകയെന്നായിരുന്നു മിലിത്തിയോസ് മെത്രാപ്പൊലീത്ത ചോദിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം