| Tuesday, 5th October 2021, 3:44 pm

ലോകത്തില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കാതെ സംരക്ഷണം കൊടുത്തിരിക്കുന്നു; മോന്‍സന്‍ കേസില്‍ പൊലീസിനെതിരെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മോന്‍സന്‍ മാവുങ്കലിന് പൊലീസ് സംരക്ഷണം നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി. മോന്‍സന് സുരക്ഷ നല്‍കിയതില്‍ ഡി.ജി.പി വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.

ലോകത്തില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് മോന്‍സന്‍ പറഞ്ഞപ്പോള്‍ അതിനെ കുറിച്ച് അന്വേഷിക്കാതെ സംരക്ഷണം കൊടുക്കുകയായിരുന്നു പൊലീസ് എന്നും കോടതി വിമര്‍ശിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം.

പൊലീസുകാര്‍ മോന്‍സന്റെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് നിയമലംഘനങ്ങള്‍ കണ്ടില്ല ?. ആനക്കൊമ്പ് കണ്ടപ്പോള്‍ പൊലീസുകാര്‍ എന്തുകൊണ്ട് അന്വേഷിച്ചില്ല ?. ഇതേക്കുറിച്ച് പൊലീസിന് ഒരു സംശയവും തോന്നിയില്ലേ എന്നും കോടതി ചോദിച്ചു.

മോന്‍സന്റെ വീടിന് മുന്നില്‍ പൊലീസുകാരെ കാണുമ്പോള്‍ സാധാരണ ജനം എന്ത് വിചാരിക്കണം. മോന്‍സന് വിശ്വാസ്യത നല്‍കുന്നതല്ലേ പൊലീസിന്റെ നടപടി.

ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും നമ്മുടെ പൊലീസും ഇന്റലിജന്‍സും എവിടെയായിരുന്നു എന്നും കോടതി ചോദിച്ചു.

മോന്‍സന്‍ കേസില്‍ ആരോപണ വിധേയര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും എല്ലാ റാങ്കിലും ഉള്‍പ്പെട്ടവര്‍ ഇതിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്താന്‍ കഴിയുമോ എന്ന് ഡി.ജി.പി പറയണം. വിഷയത്തില്‍ ഈ മാസം 26 നകം പൊലീസ് മേധാവി വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം തട്ടിപ്പിന് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം മോന്‍സന് ലഭിച്ചിട്ടില്ലെന്നും 25 ലക്ഷം രൂപ തട്ടിപ്പുപണം കൈമാറിയത് പ്രമുഖന്റെ സാന്നിധ്യത്തിലാണെന്നും അന്വേഷണം എത്തേണ്ടവരില്‍ എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സഭയില്‍ പറഞ്ഞിരുന്നു.

മോന്‍സന്റെ പുരാവസ്തുവിന്റെ ആധികാരികതയെക്കുറിച്ച് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന പുരാവസ്തു വകുപ്പ് എന്നിവയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞമാസം 9 നാണ് മോന്‍സനെക്കുറിച്ച് പരാതി കിട്ടിയത്. അതിനു മുമ്പ് ഡി.ജി.പി സന്ദര്‍ശിച്ചതിന് ശേഷം മോന്‍സനെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ആരെങ്കിലും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാല്‍ അനുവദിക്കാതിരിക്കാനാകില്ല. അത്ര മാത്രമേ ചെയ്തിട്ടുള്ളൂ. മോന്‍സന്റെ വീടിന് സുരക്ഷ നല്‍കിയതിലെ വീഴ്ച അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: kerala Highcourt Against Polive Monson Mavunkal Case

We use cookies to give you the best possible experience. Learn more