ശബരിമലയില്‍ എത്തേണ്ട പ്രത്യേകം പരിശീലനം ലഭിച്ചവരോട് സഞ്ചിയില്‍ കരുതാന്‍ പറഞ്ഞ സാധന സാമഗ്രികള്‍ എന്താണ്; ബി.ജെ.പി സര്‍ക്കുലറില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതി
Kerala News
ശബരിമലയില്‍ എത്തേണ്ട പ്രത്യേകം പരിശീലനം ലഭിച്ചവരോട് സഞ്ചിയില്‍ കരുതാന്‍ പറഞ്ഞ സാധന സാമഗ്രികള്‍ എന്താണ്; ബി.ജെ.പി സര്‍ക്കുലറില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st November 2018, 2:35 pm

കൊച്ചി: ശബരിമലയിലേക്ക് ആളെ സംഘടിപ്പിക്കാനുള്ള ബിജെ.പി സര്‍ക്കുലറിനെതിരെ ഹൈക്കോടതി. കണ്ണൂരില്‍ നിന്നിറങ്ങിയ സര്‍ക്കുലറില്‍ പ്രത്യേക പരിശീലനം ലഭിച്ചവര്‍ എത്തണമെന്നാണ് പറയുന്നത്.

സഞ്ചിയില്‍ സാധാനസമാഗ്രികള്‍ കൊണ്ടുവരണമെന്നും പറയുന്നു. എന്താണീ സാധാന മസാഗ്രഹികള്‍. ഇതേ കുറിച്ച് പൊലീസ് അന്വേഷിച്ച് കോടതിയ്ക്ക് മറുപടി നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തയ്യാറാക്കിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തായത്.


കെ. സുരേന്ദ്രന് ഉപാധികളോടെ ജാമ്യം


മൂന്ന് നിയോജക മണ്ഡലങ്ങള്‍ക്കായി ഓരോ ജില്ലാ ഭാരവാഹിയെ ചുമതലക്കാരനാക്കിയാണ് പ്രവര്‍ത്തകരെ ശബരിമലയിലെത്തിക്കാന്‍ നീക്കം നടക്കുന്നത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ പേരിലാണ് സര്‍ക്കുലര്‍. സര്‍ക്കുലര്‍ ശരിവെച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ശബരിമലയില്‍ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ എത്തിക്കേണ്ടതിന്റെ ചുമതല ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കള്‍ക്കാണ്. ഒരു ദിവസം കുറഞ്ഞത് മൂന്നു നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ശബരിമലയിലുണ്ടാകും. വരുന്ന മൂന്നു ദിവസം കൊല്ലം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് സന്നിധാനത്തെത്തുക.

പൊലീസ് നിയന്ത്രണങ്ങള്‍ മറികടന്ന് ഭക്തരുടെ താല്‍പര്യം സംരക്ഷിക്കാനും ഇടപെടാനും സംസ്ഥാന നേതാക്കള്‍ക്കും പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്. പോഷക സംഘടനാ ഭാരവാഹികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സര്‍ക്കുലറില്‍ പറയുന്നത്.