'ഗുരുവായൂരപ്പന്റെ ഥാര്‍' ലേല വിവദം ഹൈക്കോടതിയില്‍; പരാതിക്കാരുടെ വാദം ഏപ്രില്‍ ഒമ്പതിന് കേള്‍ക്കും
Kerala News
'ഗുരുവായൂരപ്പന്റെ ഥാര്‍' ലേല വിവദം ഹൈക്കോടതിയില്‍; പരാതിക്കാരുടെ വാദം ഏപ്രില്‍ ഒമ്പതിന് കേള്‍ക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th April 2022, 8:19 pm

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലത്തിനെതിരെ പരാതി നല്‍കിയവരുടെ വാദം ഏപ്രില്‍ ഒമ്പതിന് കേരള ഹൈക്കോടതി കേള്‍ക്കും. ലേലം സംബന്ധിച്ച് ഹിന്ദു സേവാ കേന്ദ്രം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ബന്ധപ്പെട്ടവരുടെ ഹിയറിംഗ് നടത്താന്‍ ദേവസ്വം കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഒമ്പതിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദേവസ്വം കമ്മീഷണര്‍, ഗുരൂവായൂര്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് കേസ് നല്‍കിയ സംഘടനയുടെ പ്രതിനിധികളും, ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ അവരേയും നേരില്‍ കേള്‍ക്കും. ലേലവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എതിര്‍ അഭിപ്രായം ഉണ്ടെങ്കില്‍ അവരെയും ദേവസ്വം കമ്മീഷണര്‍ നേരില്‍ കേള്‍ക്കും.

അതേസമയം, ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാര്‍ ലേലത്തിലൂടെ സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം ഇതുവരെ കൈമാറിയിട്ടില്ല. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാലാണ് വാഹനം കൈമാറാത്തത്. ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്നുമാണ് ദേവസ്വം ചെയര്‍മാന്റെ വിശദീകരണം.

ഥാര്‍ ലേലത്തിന് ഭരണസമിതി ഇതിനിടെ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ഥാര്‍ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് വാഹനം കൈമാറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്നാണ് ദേവസ്വം ചെയര്‍മാന്‍ ഇതിന് മുമ്പ് പറഞ്ഞിരുന്നത്.

അമലിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിക്കുന്നത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്ന് അമലിന്റെ സുഹൃത്തായ സുഭാഷ് പറഞ്ഞിരുന്നത്.

എന്തുവില കൊടുത്തും ഥാര്‍ സ്വന്തമാക്കണമെന്നായിരുന്നു നിര്‍ദേശമെന്ന് സുഭാഷ് പറഞ്ഞു. 21 കാരനായ അമലിന് സമ്മാനം കൊടുക്കാനുള്ളതായതിനാല്‍ 21 ലക്ഷം വരെയോ അതിന് മുകളിലോ ലേലത്തുക ഉറപ്പിക്കാമെന്നായിരുന്നു നിര്‍ദേശമെന്നും സുഭാഷ് പറഞ്ഞിരുന്നു.

15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി ലേലത്തില്‍ നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തിരുന്നത്.

ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വാഹനം.