നിങ്ങളുടെ തീരുമാനം അഞ്ചരയ്ക്ക് മുന്‍പ് അറിയിക്കണം, അല്ലെങ്കില്‍ ഞങ്ങള്‍ ഉത്തരവിറക്കും; കര്‍ണാടകം അതിര്‍ത്തി അടച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി
തിരുവനന്തപുരം: കര്‍ണാടകം, കേരളത്തിലേക്കുള്ള അതിര്‍ത്തി അടച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. വൈകുന്നേരം അഞ്ചരയ്ക്ക് വീണ്ടും കോടതി ചേരും.
അതിന് മുന്‍പ് കേന്ദ്രം നിലപാടറിയിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. അല്ലെങ്കില്‍ ഉത്തരവിറക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു.
അതേസമയം വിഷയത്തില്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തി അടച്ച സംഭവം മനുഷ്യത്വരഹിതമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. മറ്റ് രോഗങ്ങള്‍ കാരണം ആളുകള്‍ മരിച്ചാല്‍ ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു.
അതേസമയം കാസര്‍ഗോഡ് നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കര്‍ണാടക എ.ജി ഹൈക്കോടതിയില്‍ പറഞ്ഞു. കൂര്‍ഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനാകില്ല. രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേര്‍തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കര്‍ണാടകം കോടതിയില്‍ നിലപാടെടുത്തു.
എന്നാല്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ ഉള്ള പ്രശ്‌നമല്ല ഇതെന്നും മാലികാവകാശലംഘനം വരുമ്പോള്‍ കോടതിക്ക് ഇടപെടാന്‍ അവകാശം ഉണ്ടെന്നും കേരളം കോടതിയില്‍ വ്യക്തമാക്കി.