| Friday, 21st October 2022, 7:58 pm

കാല്‍നട യാത്രക്കാരുടെ മരണം; ഹരജിയില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയതകളും അപാകതകളും കാരണം കാല്‍നടയാത്രക്കാര്‍ അപകടങ്ങളില്‍ പെടുന്നതില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍, വാഹനങ്ങളുടെ വേഗത നിയന്ത്രണം എന്നിവ പാലിക്കാത്തതുമൂലം കാല്‍നടയാത്രക്കാര്‍ അപകടങ്ങളില്‍പെടുന്നതിലാണ് ജസ്റ്റിസ് എസ്. മണികുമാര്‍, ഷാജി പി. ചാലി എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ കേസെടുത്തത്.

കോഴിക്കോട് താമരശ്ശേരിയില്‍ റോഡപകടത്തില്‍ മരണപ്പെട്ട ഫാത്തിമ സാജിദ എന്ന യുവതിയുടെ ഭര്‍ത്താവ് ആബിദ് അടിവാരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് കേസെടുത്തത്.

ഒക്ടോബര്‍ 19ന് കോടതി പരിഗണിച്ച കേസ് നവംബര്‍ ഒന്നിലേക്ക് മാറ്റിവെച്ചു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു താമരശേരി- കൊയിലാണ്ടി പാതയില്‍ ചുങ്കം ഫോറസ്റ്റ് ഓഫിസിന് സമീപമുണ്ടായ അപകടത്തില്‍ പനംതോട്ടം ഓര്‍ക്കിഡ് ഹൗസിങ് കോളനിയിലെ താമസക്കാരിയായ ഫാത്തിമ സാജിദ (30) മരിച്ചത്.

ചുങ്കം- ബാലുശേരി റോഡില്‍ റോഡരികില്‍ നില്‍ക്കവെയായിരുന്നു ബാലുശേരി ഭാഗത്ത് നിന്നും ചുങ്കത്തേക്ക് വന്ന ടിപ്പര്‍ ലോറിയിടിച്ച് ഫാത്തിമ സാജിദ മരിച്ചത്. വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയ സാജിത സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Content Highlight: Kerala High Court took suo moto case on road accidents

We use cookies to give you the best possible experience. Learn more