ജീവിതം ആസ്വദിക്കുന്നതിന് യുവാക്കള്‍ വിവാഹം തടസമായി കാണുന്നു; ലിവിങ് ടുഗെദര്‍ കൂടുന്നതില്‍ ഹൈക്കോടതിക്ക് 'ആശങ്ക'
Kerala News
ജീവിതം ആസ്വദിക്കുന്നതിന് യുവാക്കള്‍ വിവാഹം തടസമായി കാണുന്നു; ലിവിങ് ടുഗെദര്‍ കൂടുന്നതില്‍ ഹൈക്കോടതിക്ക് 'ആശങ്ക'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st September 2022, 2:51 pm

കൊച്ചി: യുവജനങ്ങള്‍ വിവാഹത്തെ ഒരു തടസമായി കാണുന്നതായി ഹൈക്കോടതി. ബാധ്യതകളില്ലാതെ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം ഒരു തടസമായി പുതുതലമുറയിലുള്ളവര്‍ കാണുന്നു, എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

‘എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന’ ലിവിങ് ടുഗദര്‍ (Living Together) ബന്ധങ്ങള്‍ കൂടുന്നുവെന്നും വിവാഹ മോചിതരുടെയും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെയും എണ്ണം വര്‍ധിക്കുന്നത് സാമൂഹിക വളര്‍ച്ചയ്ക്ക് നല്ലതല്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരുടേതായിരുന്നു നിരീക്ഷണം. വിവാഹ ബന്ധങ്ങളിലെ തകര്‍ച്ചയിലും ഹൈക്കോടതി ‘ആശങ്ക’ പങ്കുവെച്ചു.

‘വിവാഹ ബന്ധങ്ങള്‍ക്ക് വലിയ വില നല്‍കിയിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ സ്വാര്‍ത്ഥതക്കും വിവാഹേതര ബന്ധങ്ങള്‍ക്കും വേണ്ടി കുട്ടികളുടെ മാനസികാവസ്ഥ പോലും നോക്കാതെ വിവാഹ ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നത് കൂടി വരികയാണ്. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസമാണെന്ന് പുതുതലമുറ ചിന്തിക്കുകയാണ്.

ഭാര്യ എന്നത് അനാവശ്യമാണെന്ന ചിന്തയും വര്‍ധിക്കുകയാണ്. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃസംസ്‌കാരം വിവാഹ ബന്ധങ്ങളെ ബാധിച്ചിരിക്കുന്നു,’ എന്നും കോടതി നിരീക്ഷിച്ചു.

എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറയാവുന്ന ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ വര്‍ധിച്ചതായും വിവാഹമോചിതരുടെയും ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെയും എണ്ണം കൂടിവരുന്നത് സാമൂഹിക വളര്‍ച്ച മുരടിപ്പിക്കുമെന്നും കോടതി പറഞ്ഞു.

മൂന്ന് പെണ്‍കുട്ടികളുടെ പിതാവായ ആലപ്പുഴ സ്വദേശി നല്‍കിയ വിവാഹമോചന ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ പരാമര്‍ശങ്ങള്‍.

ഭാര്യയില്‍ നിന്നുള്ള പീഡനം കാരണം വിവാഹമോചന വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ആവശ്യം ആലപ്പുഴ കുടുംബകോടതി തള്ളിയതിനെ തുടർന്ന് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കാരണമാണ് വിവാഹമോചനം ആവശ്യപ്പെടുന്നതെന്നായിരുന്നു ഭാര്യ ഹൈക്കോടതിയെ അറിയിച്ചത്. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തയ്യാറാണെന്നും യുവതി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Content Highlight: Kerala High Court shares concern on increasing number of living together relations and divorces