| Tuesday, 27th April 2021, 4:07 pm

വാക്‌സിന്‍ നയം: ഭാരത് ബയോടെക്കിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തിനെതിരായ ഹരജിയില്‍ ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ക്ക് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ ഉത്തരവ് പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.

കൊവിഡ് വാക്സിന്‍ വിതരണത്തില്‍ നിലവില്‍ അപാകതകള്‍ ഉണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതുസംബന്ധിച്ച് വിശദീകരണം കോടതി ആവശ്യപ്പെട്ടിടുണ്ട്. അതോടൊപ്പമാണ് വാക്സിന്‍ നിര്‍മാണ കമ്പനികള്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചത്.

വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ചാണ് ഹൈക്കോടതിക്ക് മുന്നില്‍ ഹരജി വന്നത്. എം.കെ. മുനീര്‍ എം.എല്‍.എ, ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദ് തുടങ്ങിയവരാണ് പൊതുതാത്പര്യ ഹരജി നല്‍കിയത്.

ഓരോ വാക്സിനും വ്യത്യസ്ത വില ഈടാക്കുന്നത് വിവേചനമാണെന്നും 45 വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിക്കാര്‍ കോടതിയില്‍ പറഞ്ഞു.

അതിനിടെ വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്നതിലും ഓക്‌സിജന്‍ പ്രതിസന്ധിയിലും ഇന്ന് സുപ്രീം കോടതിയും ഇടപെട്ടിട്ടുണ്ട്. കൊവിഡ് സാഹചര്യം നേരിടാന്‍ ദേശീയ പദ്ധതി ആരാഞ്ഞ് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് വാക്‌സിന്‍ വില ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോടതി ഇടപെട്ടത്.

കൊവിഡ് വാക്സിന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഡ്രഗ്സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം കേന്ദ്രത്തിന് ഇടപെടാം. പ്രതിസന്ധിയില്‍ അല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്ന് കോടതി ചോദിച്ചു.
കമ്പനികള്‍ വാക്സിന് പലവിലയാണ് ഈടാക്കുന്നത് എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കമ്പനികള്‍ വ്യത്യസ്ത വില കൊവിഡ് വാക്‌സീന് എങ്ങനെ ഈടാക്കുമെന്ന് കോടതി ചോദിച്ചു. ഇതിനൊപ്പം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ എപ്പോള്‍ നല്‍കാനാവുമെന്നും ഓക്‌സിജന്‍ ലഭ്യത എങ്ങനെ ഉറപ്പാക്കുമെന്നും അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ എടുത്ത നടപടികള്‍ എന്തൊക്കെയാണെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു.

ഓക്‌സിജന്‍ ലഭ്യതയില്‍ കോടതി ഇടപെടരുതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

ഓക്സിജന്റെയും അവശ്യ മരുന്നുകളുടെയും വിതരണം, വാക്സിന്‍ നടപടികള്‍ എന്നിവയില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞു. ഏപ്രില്‍ 30ന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എല്‍ നാഗേശ്വര റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Kerala High Court sends notice to Bharat Biotech and Serum Institute

We use cookies to give you the best possible experience. Learn more