പോണ്‍ വീഡിയോ സ്വകാര്യമായി കാണുന്നതില്‍ തെറ്റില്ല; പ്രചരിപ്പിക്കുന്നതാണ് കുറ്റം: ഹൈക്കോടതി
കൊച്ചി: പോണ്‍ വീഡിയോകള്‍ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് കേരളാ ഹൈക്കോടതി. പോണ്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊതുസ്ഥലത്ത് നിന്ന് പോണ്‍ വീഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
എന്നാല്‍ ചെറിയ കുട്ടികള്‍ ഇത്തരം വിഡിയോകള്‍ നിരന്തരം കാണുകയും ഇതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ വിധിന്യായത്തില്‍ പറഞ്ഞു.
‘ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം വീഡിയോകള്‍ ലഭിക്കാന്‍ പ്രയാസമില്ല. എല്ലാ പ്രായക്കാര്‍ക്കും ഒരു വിരല്‍തുമ്പില്‍ വിഡിയോകള്‍ ലഭ്യമാകും. എന്നാല്‍ ചെറിയ കുട്ടികള്‍ ഇത്തരം വിഡിയോകള്‍ നിരന്തരം കാണുകയും അതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും,’ കോടതി പറഞ്ഞു.
2016 ജൂലൈയിലാണ് ആലുവ പാലത്തിന് സമീപം മൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോ കണ്ടതിന് കറുകുറ്റി സ്വദേശിയായ 27 കാരനെതിരെ ആലുവ പൊലീസ് കേസെടുത്തത്. കേസിലെ എല്ലാ തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
Content Highlight: Kerala High Court says watching porn videos privately is not a crime