കൊച്ചി: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം പരിഗണിക്കേണ്ടെന്ന് ഹൈക്കോടതി. എറണാകുളം ഉദയംപേരൂര്‍ സ്വദേശികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കൊച്ചി നഗരസഭാ സെക്രട്ടറി വിസമ്മതിച്ചതിനെതിരെ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം
മാതാപിതാക്കള്‍ രണ്ട് മതത്തില്‍ ഉള്‍പ്പെട്ടവരാണെന്നത് വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കാനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. 2008ലെ കേരള വിവാഹ രജിസ്ട്രേഷന്‍ നിയമം അനുസരിച്ച് ഇതില്‍ മതത്തിന് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹം നടന്നിരിക്കണമെന്നതാണ് രജിസ്റ്റര്‍ ചെയ്യാനുള്ള മാനദണ്ഡമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉദയംപേരൂരില്‍ താമസിക്കുന്ന പി.ആര്‍. ലാലനും ഭാര്യ ഐഷയും കൊച്ചി കോര്‍പറേഷനിലെ മാര്യേജ് ഓഫീസറായ സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയാണ് നിരസിച്ചത്. നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷകളും രണ്ട് സാക്ഷികളെയും ഹാജരാക്കിയ ശേഷമാണ് മാര്യേജ് ഓഫീസര്‍ രജിസ്ട്രേഷന്‍ തടഞ്ഞത്.
2001 ഡിസംബര്‍ രണ്ടിനാണ് ഹിന്ദു ആചാര പ്രകാരം ഇവരുടെ വിവാഹം നടന്നത്. യുവതിയുടെ മാതാവ് മുസ്‌ലിം ആയതിന്റെ പേരില്‍ ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട് ചോദ്യം ചെയ്ത ഹരജി അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം.
പരാതിക്കാരിയുടെ അച്ഛന്‍ ഹിന്ദുവും അമ്മ മുസ്‌ലിം മതവിശ്വാസിയുമാണ്, ആയതിനാല്‍ രണ്ട് മതത്തിലുള്ളവരുടെ വിവാഹം ഈ നിയമത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും രജിസ്ട്രാര്‍ അറിയിക്കുകയായിരുന്നു.
സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം മാത്രമേ ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന നിലപാടില്‍ അധികൃതര്‍ ഉറച്ചുനിന്നു. ഇതോടെ അപേക്ഷകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച ശേഷം കോടതി മാതാപിതാക്കളുടെ മതം വിവാഹം രജിസ്ട്രേഷന് തടസമല്ലെന്ന് വ്യക്തമാക്കി.
സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും ജിവിച്ചിരുന്ന മണ്ണാണിത്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വതന്ത്ര്യമുള്ള മത നിരപേക്ഷ രാജ്യമാണിതെന്ന് ഓര്‍മ വേണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ഇവരുടെ അപേക്ഷ പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഉത്തരവിന്റെ പകര്‍പ്പ് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് കൈമാറാനും ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനും കോടതി നിര്‍ദേശിച്ചു.