കൊച്ചി: `സ്വന്തം ഭാര്യയെ മറ്റ് സ്ത്രീകളുമായി ഉപമിക്കുന്നത് ക്രൂരതയാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ഭാര്യയുടെ ഹരജിയില്‍ വിവാഹമോചനം അനുവദിച്ച കീഴ്‌ക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഭാര്യ തന്റെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന് ഭര്‍ത്താവ് നിരന്തരം അധിക്ഷേപിക്കുന്നത് മാനസികമായ ക്രൂരതയാണ്. ഇത് ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയേക്കാം. ക്രൂരതയെന്നാല്‍ ശാരീരിക പീഡനം തന്നെ ആവണമെന്നില്ല. ഇത്തരം അധിക്ഷേപം വിവാഹ മോചനത്തിന് വരെ കാരണമായേക്കാമെന്നും കോടതി നിരീക്ഷിച്ചു.
വിവിധ വിധിന്യായങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്. ക്രൂരതയെന്നതിന് സമഗ്രമായ ഒരു നിര്‍വചനം സാധ്യമല്ല. ജീവിത നിലവാരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൂരതയുടെ നിര്‍വചനം മാറിക്കൊണ്ടിരിക്കും.
അവഗണന, ചാരിത്ര ശുദ്ധിയില്ലെന്ന് വരുത്തിത്തീര്‍ക്കല്‍ തുടങ്ങിയവയെല്ലാം ക്രൂരതയായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.
2019ലായിരുന്നു ദമ്പതികളുടെ വിവാഹം. പത്ത് മാസത്തിനകം തന്നെ വിവാഹമോചനത്തിനായി ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവ് തന്നെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്ത് താഴ്ത്തിപ്പറയുന്നത് പതിവാണെന്നായിരുന്നു ഭാര്യ കോടതിയുടെ മുന്‍പാകെ അറിയിച്ചത്. ഈ കേസിനെ മുന്‍നിര്‍ത്തിയാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ നിരീക്ഷണം.
Content Highlight: Kerala High Court’s observation about Divorce; Do not compare wife with other women