കൊച്ചി: പ്ലസ് ടു കോഴക്കേസില്‍ കെ.എം. ഷാജിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയ ഇ.ഡി നടപടി റദ്ദാക്കി ഹൈക്കോടതി. മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനാണ് ഉത്തരവിട്ടത്. സ്വത്ത് കണ്ടുകെട്ടിയത് അടക്കമുള്ള ഇ.ഡിയുടെ എല്ലാ നടപടികളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
എം.എല്‍.എ ആയിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഷാജിക്കെതിരെ ഇ.ഡി കേസെടുത്തത്. തുടര്‍ന്ന് കെ.എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികളും ഇ.ഡി സ്വീകരിച്ചിരുന്നു.
കെ.എം. ഷാജി സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍. വിജിലന്‍സ് കേസെടുത്തതിന്റെ ചുവടുപിടിച്ചാണ് ഇ.ഡിയും ഈ കേസെടുത്തത്. നേരത്തെ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കെ.എം ഷാജിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസും ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ പ്ലസ് ടു കോഴക്കേസില്‍ കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കെ.എം ഷാജിയാണ് കോടതിയെ സമീപിച്ചത്.
പ്ലസ് ടു കോഴക്കേസില്‍ തന്നെ സി.പി.ഐ.എം വേട്ടയാടിയെന്നും കേസ് നടത്തിയ കാലമത്രയും മാനസികമായ പീഡനം അനുഭവിച്ചുവെന്നും കെ.എം ഷാജി പ്രതികരിച്ചിരുന്നു. ‘കേസിന്റെ പേരില്‍ എന്റെ സമയം പോയതില്‍ കണക്കില്ല. മാനം തകര്‍ത്തതില്‍ കണക്കില്ല.
ഒരാളെ സാമ്പത്തികമായും മാനം നഷ്ടപ്പെടുത്തിയുമൊക്കെ എങ്ങനെ വേട്ടയാടാന്‍ പറ്റുമോ അങ്ങനെയൊക്കെ എന്നെ വേട്ടയാടി. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഇങ്ങനൊരു കേസ് ഉണ്ടാക്കി എന്നെ അറസ്റ്റ് ചെയ്യുന്നത്.
ആ തെരഞ്ഞെടുപ്പില്‍ മൂന്നാമത്തെ തവണ ഞാന്‍ വിജയിക്കുന്നതിന് തടസമായത് ഈ കേസാണ്. അവിടെ എനിക്കെതിരെ കള്ളത്തരം പറഞ്ഞ് പ്രചരിപ്പിച്ച് ഒരാള്‍ വിജയിക്കുകയും ചെയ്തു. ഉളുപ്പുണ്ടെങ്കില്‍ ഇതിന്റെ പേരില്‍ വാങ്ങിയ വോട്ടിനെക്കുറിച്ച് സി.പി.ഐ.എം മാപ്പ് പറയണം,’ അദ്ദേഹം പറഞ്ഞു.