| Wednesday, 13th September 2023, 11:59 pm

ക്ഷേത്ര പരിസരങ്ങളില്‍ കാവിക്കൊടി വേണ്ടെന്ന് ഹൈക്കോടതി; രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ക്ഷേത്രങ്ങളെ ഉപയോഗിക്കരുത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹരജി തള്ളി കേരളാ ഹൈക്കോടതി. കൊല്ലം മുതുപിലാക്കാട് ശ്രീ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കാവിക്കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ശ്രീനാഥ്, ഇന്ദ്രജിത്ത് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.

ക്ഷേത്രങ്ങള്‍ ആത്മീയതയുടെയും ശാന്തിയുടേയും ദീപസ്തംഭങ്ങളാണെന്നും അതിനെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് രാജ വിജയരാഘവന്‍ പറഞ്ഞു.

‘ക്ഷേത്ര വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങള്‍കൊണ്ട് തകര്‍ക്കാനാവില്ല. ക്ഷേത്രാചാരങ്ങള്‍ നടത്താനുള്ള നിയമപരമായ അധികാരമല്ലാതെ, പതാകകളോ കൊടി തോരണങ്ങളോ സ്ഥാപിക്കാന്‍ അനുവദിക്കാനാവില്ല,’ കോടതി പറഞ്ഞു.

ക്ഷേത്രത്തില്‍ കാവിക്കൊടി സ്ഥാപിക്കുന്നതില്‍ പാര്‍ത്ഥസാരഥി ഭക്തജനസമിതി എന്ന സംഘടനയുടെ പ്രവര്‍ത്തകരെ ചിലര്‍ തടഞ്ഞെന്ന് ചൂണ്ടികാട്ടിയാണ് ഹരജി നല്‍കിയത്. ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ തടഞ്ഞെന്നും ആരാധന തടസപെടുത്തിയെന്നും വിഷയത്തില്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.

ഹരജിക്കാരുടെ ആവശ്യം അംഗീകരിക്കരുതെന്നും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പതാകയാണ് സ്ഥാപിക്കാന്‍ ശ്രമിച്ചതെന്നും സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു.

Content Highlight: Kerala High Court rejected the plea seeking the installation of a saffron flag in the temple premises

We use cookies to give you the best possible experience. Learn more