കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സര്‍ക്കാരിനെതിരായ അന്വേഷണം സ്റ്റേ ചെയ്ത നടപടിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന സി.ബി.ഐ ആവശ്യം തള്ളി ഹൈക്കോടതി. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐയുടെ ആവശ്യം കോടതി തള്ളിയത്.
ലൈഫ് മിഷന്‍ ക്രമക്കേടില്‍ സര്‍ക്കാരിനെതിരായ അന്വേഷണത്തിനുള്ള സ്റ്റേ ഉടന്‍ നീക്കണമെന്നും കേസില്‍ അന്വേഷണം തുടരാനുള്ള അനുവാദം നല്‍കണമെന്നുമായിരുന്നു സി.ബി.ഐ ഹൈക്കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ എതിര്‍ സത്യവാങ്മൂലം എവിടെയെന്നുള്ള കോടതിയുടെ ചോദ്യത്തിന് തയ്യാറായിട്ടില്ല എന്നായിരുന്നു സി.ബി.ഐ അഭിഭാഷകന്റെ മറുപടി. ഒരു മാസമായിട്ടും സി.ബി.ഐ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല.
വകുപ്പുതല കാര്യം ആയതിനാല്‍ ആണ് കാലതാമസം ഉണ്ടായതെന്നാണ് സി.ബി.ഐയുടെ വിശദീകരണം. കാലതാമസമുണ്ടെങ്കില്‍ എന്തിനാണ് വേഗത്തില്‍ ഹരജി പരിഗണിക്കാന്‍ അപേക്ഷ നല്‍കിയതെന്നായിരുന്നു കോടതി തിരിച്ച് ചോദിച്ചത്. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച ശേഷം സി.ബി.ഐക്ക് വീണ്ടും അപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കി.
അന്വേഷണത്തിനുള്ള സ്‌റ്റേ നീക്കണമെന്നുള്ള സി.ബി.ഐയുടെ ആവശ്യവും കോടതി പരിഗണിച്ചില്ല.
അതേസമയം സര്‍ക്കാരിനെ താറടിച്ച് കാണിക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നതെന്ന് ലൈഫ് മിഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ ആണ് സി.ബി.ഐ ഹരജിയുമായി കോടതിയിലെത്തിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക