പ്രതിയായ മോഹന്‍ലാലിന് കേസ് പിന്‍വലിക്കണമെന്ന് എങ്ങനെ ആവശ്യപ്പെടാനാവും; ആനക്കൊമ്പ് കേസില്‍ തിരിച്ചടി
Movie Day
പ്രതിയായ മോഹന്‍ലാലിന് കേസ് പിന്‍വലിക്കണമെന്ന് എങ്ങനെ ആവശ്യപ്പെടാനാവും; ആനക്കൊമ്പ് കേസില്‍ തിരിച്ചടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd February 2023, 12:30 pm

കൊച്ചി: ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹരജി പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ട് ഹൈക്കോടതി.
കേസിൽ ആറ് മാസത്തിനകം തീർപ്പുണ്ടാക്കണമെന്നും ജസ്റ്റിസ് ബദറുദീൻ അധ്യക്ഷനായ ബെഞ്ച് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകി.

കേസ് അവസാനിപ്പിക്കണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിക്കാനും ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടു. കൂടാതെ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ഹരജി തള്ളിയതിനെതിരെയുള്ള മോഹൻ ലാലിന്റെ ഹരജിയും ഹൈക്കോടതി തള്ളി. കേസ് പിന്‍വലിക്കണമെന്ന് പ്രതിയായ മോഹന്‍ലാലിന് എങ്ങനെ കോടതിയോട് ആവശ്യപ്പെടാന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു. കൂടാതെ കോടതിവിധിക്കെ തിരെ പുനപരിശോധന ഹരജി നൽകാൻ പ്രതികൾക്ക് അധികാരമില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു

പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെയാണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശങ്ങളും വേണ്ട രീതിയിൽ പരിശോധിച്ചില്ലെന്നുമായിരുന്നു മോഹൻലാൽ ഹൈക്കോടതിയോട് അറിയിച്ചത്. എന്നാൽ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും പണക്കാരൻ, പാവപ്പെട്ടവൻ എന്ന വേർതിരിവ് നിയമത്തിന് മുന്നിൽ ബാധകമാവില്ല എന്ന് നിരീക്ഷിച്ചുകൊണ്ടാണ് മോഹൻലാലിന്റെ ഹരജി കോടതി തള്ളിയത്.

 

അതേസമയം 2012 ജൂൺ മാസത്തിലായിരുന്നു മോഹൻലാലിന്റെ എറണാകുളം തേവരയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആനക്കൊമ്പുകൾ കണ്ടെത്തിയത്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് നാല് ആനക്കൊമ്പുകൾ ലാലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത്. തുടർന്ന് ആനക്കൊമ്പ് കൈവശം വെച്ച പ്രവർത്തി കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് മോഹൻലാലിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

എന്നാൽ കേസിൽ മോഹൻലാൽ കുറ്റക്കാരനല്ലെന്നും ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് താരം കൈവശം വെച്ചതെന്നുമാണ് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ അറിയിച്ചത്. ഇതിനെതിരെ ഹൈക്കോടതി നേരത്തെ സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു.

 

Content Highlights:kerala high court rejected the Petitionof actor-mohanlal in ivory possession case