| Saturday, 5th October 2024, 8:01 am

'ധനസഹായം ഇനിയെന്ന്'; മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യമുയര്‍ത്തി കേരള ഹൈക്കോടതി. മുണ്ടക്കൈ-ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട ധനസഹായം എപ്പോള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.

മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സ്വമേധയാ സ്വീകരിച്ച കേസും പൊതുതാത്പര്യ ഹരജികളും പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ദേശീയ ദുരന്തനിവാരണ നിധി (എന്‍.ഡി.ആര്‍.എഫ്)യില്‍ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എപ്പോള്‍ ഫണ്ട് നല്‍കാനാകുമെന്നാണ് കോടതി ചോദിച്ചത്. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. ഒക്ടോബര്‍ 15 നുള്ളില്‍ വിവരങ്ങള്‍ ലഭിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സോളിസിറ്റര്‍ ജനറലിനാണ് കോടതി നിര്‍ദേശം നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ധനസഹായം ആവശ്യപ്പെട്ട് നല്‍കിയ മെമ്മോറണ്ടത്തിലെ തുക എങ്ങനെയാണ് കണക്കാക്കിയതെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് കോടതി ചോദിച്ചത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സഹായം, ഉപജീവന സഹായം ഉള്‍പ്പെടെയുള്ളവ ലഭിക്കാത്ത ദുരിതബാധിതര്‍ മുണ്ടക്കൈയിലുണ്ടെന്ന് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ) കോടതിയെ അറിയിച്ചു. ദുരിതബാധിതര്‍ക്ക് നിയമസഹായം നല്‍കാന്‍ കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ സമിതിയാണിത്. വിഷയം ജില്ലാ ഭരണകൂടത്തെ അറിയിച്ചെന്നും എന്നാല്‍ ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്നും കെല്‍സ വ്യക്തമാക്കി.

വയനാടിന് ഇതുവരെ കേന്ദ്ര ധനസഹായം ലഭിച്ചിട്ടില്ലെന്നും അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ദുരന്തങ്ങളില്‍ കേന്ദ്രം ദുരിതാശ്വാസ ഫണ്ട് അനുവദിച്ചെന്നും കെല്‍സയ്ക്ക് പുറമെ അമിക്കസ് ക്യൂറിയും വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് കോടതി ചോദ്യം ഉന്നയിച്ചത്.

ദുരന്തത്തിന് ശേഷമുള്ള തുടര്‍നടപടികള്‍ മറ്റൊരു ദുരന്തമാകുകയാണെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു കോടതി പരാമര്‍ശം. ദുരന്തമുഖത്തെ നടപടി ക്രമങ്ങള്‍ ആഴ്ചതോറും പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് കെല്‍സയെയും കോടതി കേസില്‍ കക്ഷിചേര്‍ത്തു.

സംസ്ഥാനത്തെ പരിസ്ഥിതി ലോല മേഖലകളില്‍ ക്വാറികളും മറ്റു നിര്‍മാണങ്ങളും നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങള്‍ക്ക് ഇളവ് നല്‍കരുതെന്നും കോടതി പറഞ്ഞു.

സംസ്ഥാന, ജില്ലാ, ഡിവിഷന്‍ തലത്തില്‍ രൂപീകരിച്ച വിജിലസന്‍സ്-മോണിറ്ററിങ് സമിതി ഇക്കാര്യം നിരീക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പരിസ്ഥിതി ലോല മേഖലയിലെ ജനവാസ കേന്ദ്രങ്ങളെ സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ പ്രതിമാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

അതേസമയം സംസ്ഥാന സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത് ദുരന്തമുഖത്ത് ചെലവായ തുകയല്ല, എസ്റ്റിമേറ്റ് തുകയാണെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ തയ്യാറാണെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. കണക്കുകള്‍ പെരുപ്പിച്ചു കാണിച്ചുവെന്ന അമിക്കസ് ക്യൂറിയുടെ പരാമര്‍ശത്തെ ഉദ്ധരിച്ചായിരുന്നു ജനറലിന്റെ വിശദീകരണം.

കൂടാതെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കോട്ടപ്പടി, കല്‍പ്പറ്റ എന്നീ വില്ലേജുകളിലായി 87 ഹെക്ടര്‍ ഭൂമി കണ്ടെത്തിയെന്നും ടൗണ്‍ഷിപ് നിര്‍മാണത്തിനായി മന്ത്രിസഭ അനുമതി നല്‍കിയെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

Content Highlight: Kerala High Court questioned the central government in Mundakai tragedy

We use cookies to give you the best possible experience. Learn more