| Saturday, 21st July 2018, 5:27 pm

വിദ്യാര്‍ത്ഥികളുടെ ധാര്‍മിക രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കരുത്; പ്രണയിച്ചു വിവാഹം ചെയ്ത വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി തെറ്റെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രണയിച്ചു വിവാഹം ചെയ്ത വിദ്യാര്‍ത്ഥികളെ പുറത്താക്കിയ കോളേജ് അധികൃതരുടെ നടപടിയ്‌ക്കെതിരെ കേരള ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ “ധാര്‍മിക രക്ഷാകര്‍തൃത്വം” ഏറ്റെടുക്കുന്നതിനു തുല്യമായ നടപടിയാണിതെന്നും അക്കാദമികമായ അച്ചടക്കം ഉറപ്പുവരുത്താനുള്ള അധികാരം മാത്രമേ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ തലവന്മാര്‍ക്കുള്ളൂ എന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടനയുടെ 21ാം അനുച്ഛേദമനുസരിച്ച് സ്വകാര്യത സൂക്ഷിക്കാനുള്ള വ്യക്തികളുടെ അവകാശത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പുറത്തുവിട്ട സുപ്രധാന വിധിയില്‍ പരാമര്‍ശിക്കുന്നു.

വര്‍ക്കലയിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥികളായിരിക്കേ വിവാഹിതരായ മാളവിക ബാബു, വൈശാഖ് എന്നിവരാണ് കോളേജധികൃതര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ അതിജീവിച്ച് ഒരുമിച്ചു ജീവിക്കാനാരംഭിക്കുകയും മാളവിക പഠനം തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍, കോഴ്‌സ് പൂര്‍ത്തിയാക്കാതെ അക്കാദമിക രേഖകള്‍ തിരികെ നേടാന്‍ കോളജിനെ സമീപിച്ച വൈശാഖിനോട് ഇരുവരെയും കോളേജില്‍ നിന്നും പുറത്താക്കിയ വിവരമാണ് അറിയിച്ചത്.


Also Read: എന്നെ പിടിച്ച് അകത്താക്കിയാലും ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കില്ല: പ്രയാര്‍ ഗോപാലകൃഷ്ണന്‍


വിദ്യാര്‍ത്ഥികള്‍ നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നു കാണിച്ചായിരുന്നു പുറത്താക്കല്‍. കോളേജ് അധികൃതരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന പരാതിയുമായാണ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തത്.

വിദ്യാര്‍ത്ഥികളുടെ ധാര്‍മിക രക്ഷാകര്‍തൃത്വം ഏറ്റെടുക്കാനുള്ള ശ്രമമെന്നാണ് പരാതി പരിഗണിച്ച ജസ്റ്റിസ് മുഷ്താഖ് കോളജിന്റെ നടപടിയെ വിശേഷിപ്പിച്ചത്. പ്രണയമെന്നാല്‍ സ്വാതന്ത്ര്യമാണോ അതോ ബന്ധനമാണോയെന്ന ചോദ്യമുന്നയിച്ചുകൊണ്ട് ആരംഭിച്ച വിധിന്യായത്തില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നീക്കം അധികാര ദുര്‍വിനിയോഗമാണെന്നും കോടതി പരാമര്‍ശിക്കുന്നു.

“അധികാരം കൈയാളുന്നവരെ ഏല്‍പ്പിച്ചിട്ടുള്ള കര്‍ത്തവ്യം ആ അധികാരത്തിന്റെ ഉദ്ദേശം മാത്രം നിറവേറ്റുക എന്നതാണ്. കോളേജിന്റെ ആഭ്യന്തര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ വ്യക്തിപരമായ ധാര്‍മിക മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ആയുധമായി ഈ അധികാരത്തെ കണക്കാക്കരുത്.” വിധിന്യായത്തില്‍ ജസ്റ്റിസ് മുഷ്താഖ് പറഞ്ഞു. തങ്ങള്‍ക്കു വേണ്ടത് തെരഞ്ഞെടുക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തെ മാനിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.


Also Read: എസ്. ഹരീഷിനെതിരായ ആക്രമണവാര്‍ത്ത മുക്കിയ മാതൃഭൂമിക്ക് “മീശ” പിന്‍വലിച്ച വാര്‍ത്ത ബ്രേക്കിങ് ന്യൂസ്


സ്വകാര്യത മൗലികാവകാശമായി പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച ചരിത്രപരമായ കെ.എസ്. പുട്ടസ്വാമി-യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ വിധിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശവും ഇതിനോട് അനുബന്ധമായി കണക്കാക്കണമെന്ന നിര്‍ദ്ദേശം കോടതി മുന്നോട്ടു വച്ചത്.

വിദ്യാര്‍ത്ഥികളെ തുടര്‍ന്ന് പഠിക്കാനും അക്കാദമിക രേഖകള്‍ തിരികെ കൈപ്പറ്റാനും അനുവദിക്കണമെന്ന് കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിലയിലുള്ള കുറവ് നികത്തി പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് യൂണിവേഴ്‌സിറ്റിക്കും നിര്‍ദ്ദേശമുണ്ട്. സ്‌കൂള്‍ ക്യാമ്പസ്സിനകത്തു വച്ച് പരസ്പരം ആലിംഗനം ചെയ്തതിന് രണ്ടു വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടിയും കേരള ഹൈക്കോടതി കഴിഞ്ഞ ഡിസംബറില്‍ റദ്ദ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more