| Tuesday, 19th March 2019, 1:48 pm

പ്രീതാ ഷാജി കിടപ്പുരോഗികളെ 100 മണിക്കൂര്‍ പരിചരിക്കണം; ഉത്തരവ് ലംഘിച്ചതിന് ശിക്ഷ വിധിച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ശിക്ഷയായി പ്രീത ഷാജിയും ഭര്‍ത്താവും എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിക്ക് കീഴിലുള്ള കിടപ്പു രോഗികളെ 100 മണിക്കൂര്‍ പരിചരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ദിവസം ആറുമണിക്കൂര്‍ വീതമാണ് പരിചരിക്കേണ്ടത്. പരിചരണം നടത്തിയെന്ന് മെഡിക്കല്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

വീടും പുരയിടവും ലേലത്തില്‍ എടുത്തയാള്‍ക്ക് വിട്ടു നല്‍കണമെന്ന് കാട്ടി നേരത്തെ കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചതിനെതിരെ എടുത്ത കോടതിയലക്ഷ്യ കേസില്‍ പ്രീതാ ഷാജിയുടെ കുടുംബവും സാമുഹ്യ സേവനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.


രണ്ട് വര്‍ഷത്തെ ഭരണം കൊണ്ട് യു.പിയെ മാറ്റിമറിച്ചെന്ന് യോഗി ആദിത്യനാഥ്; മറുപടിയുമായി പ്രിയങ്ക


സാമൂഹിക സേവനം എന്തായിരിക്കണമെന്ന് അറിയിക്കാന്‍ ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കോടതി വിധി പരസ്യമായി ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

പ്രതിഷേധിക്കാന്‍ അവകാശമുണ്ട് പക്ഷെ നിയമലംഘനം അംഗീകരിക്കാന്‍ ആകില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. കോടതി വിധിയുടെ നഗ്‌നമായ ലംഘനം നടത്തിയതിന് ശിക്ഷ വേണമെന്നും ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പ്രീത ഷാജിയെക്കൊണ്ട് സാമൂഹ്യ സേവനം ചെയ്യിപ്പിക്കുന്നതിനെക്കുറിച്ച് കോടതി അന്വേഷിച്ചു. എന്തൊക്കെ ചെയ്യിക്കാന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. 43 ലക്ഷം രൂപ ബാങ്കില്‍ അടച്ചാല്‍ വീടും സ്ഥലവും പ്രീതാ ഷാജിക്ക് തിരികെ എടുക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഒപ്പം 1,89,000 രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതു പ്രകാരം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ പൊതുജനങ്ങളില്‍ നിന്നും പിരിച്ച് പ്രീതാ ഷാജി പണം അടച്ചിരുന്നു.

We use cookies to give you the best possible experience. Learn more