| Thursday, 8th February 2024, 4:33 pm

മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത് ഹൈക്കോടതി ഉത്തരവ്; പങ്കാളിക്ക് ആശുപത്രിയില്‍ അന്തിമോപചാരം അര്‍പ്പിക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: കൊച്ചിയില്‍ ഫ്‌ലാറ്റില്‍ നിന്ന് വീണുമരിച്ച യുവാവിന്റെ മൃതദേഹം ഏറ്റെടുത്ത് ബന്ധുക്കള്‍. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് യുവാവിന്റെ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുത്തത്. സ്വവര്‍ഗ പങ്കാളിയോടൊപ്പം താമസിക്കവേയായിരുന്നു യുവാവിന്റെ മരണം.

അതേസമയം മനുവിന്റെ മൃതദേഹം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ പങ്കാളിയായ ജെബിന്‍ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പണമടക്കാതെ മൃതദേഹം വിട്ടുനല്‍കില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ജെബിന്‍ കോടതിയില്‍ ഹരജി നല്‍കിയത്.

മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ മരണപ്പെട്ട യുവാവിന്റെ സഹോദരനുമായി സംസാരിച്ച് തീരുമാനം എടുക്കണമെന്ന് പങ്കാളിക്ക് കോടതി നിര്‍ദേശം നല്‍കി. ചികിത്സാ സംബന്ധമായി ആശുപത്രിയില്‍ ചിലവായ പണം കോടതിയില്‍ കെട്ടിവെയ്ക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

മൃതദേഹത്തോടൊപ്പം അനുഗമിക്കാനും വീട്ടില്‍ വെച്ചുകൊണ്ട് യുവാവിന് അന്തിമോപചാരം നല്‍കാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ പങ്കാളി ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് യുവാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളിക്ക് കോടതി അനുമതി നല്‍കിയിരുന്നു. ഹരജിയില്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ മനുവിന്റെ മാതാപിതാക്കളുടെ അഭിപ്രായവും വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ബില്ലടക്കാത്തതിനാലാണ് മൃതദേഹം വിട്ടുനല്‍കാത്തതെന്ന ഹരജിക്കാരന്റെ വാദം ആശുപത്രി അധികൃതര്‍ നിഷേധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൃതദേഹം ഏറ്റുവാങ്ങാന്‍ മനുവിന്റെ വീട്ടുകാര്‍ സമ്മതിക്കാതിരുന്നതോടെ ഏറ്റെടുക്കാന്‍ ആളില്ലെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. പിന്നീട് മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജെബിന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

ഫെബ്രുവരി മൂന്നിന് അപകടത്തില്‍പ്പെട്ട മനു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നാലാം തീയതിയാണ് മരണപ്പെട്ടത്.

Content Highlight: Kerala High Court orders Manu’s dead body to be handed over to relatives

We use cookies to give you the best possible experience. Learn more