വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ നടപടി; ഉത്തരവിട്ട് ഹൈകോടതി
കൊച്ചി: വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേരള പൊലീസിന് നിര്‍ദേശം നല്‍കി കേരള ഹൈക്കോടതി.
എല്‍.ഇ.ഡി ഘടിപ്പിച്ച ബസുകളുള്‍പ്പെടെയുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോസ് വ്‌ളോഗര്‍മാര്‍ തങ്ങളുടെ യൂട്യൂബ് ചാനലില്‍ പ്രചരിപ്പിച്ചത് ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്ത്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
എ.ജെ. ടൂറിസ്റ്റ് ബസ് ലവര്‍, നസ്രു വ്‌ളോഗര്‍, നജീബ് സൈനുല്‍സ്, മോട്ടോര്‍ വ്‌ളോഗര്‍ തുടങ്ങിയ യൂട്യൂബ് അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോസും ഫോട്ടോസും ഹൈക്കോടതി പരിശോധിച്ചു.
മുന്‍കാല നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെ പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ മാറ്റങ്ങളോടെ ഉപയോഗിച്ചുവെന്നും ഇത് റോഡ് യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും ഹൈക്കോടതിയുടെ പ്രസ്താവനയില്‍ പറയുന്നു. ഒരു വാഹനത്തില്‍ അനധികൃതമായി വരുത്തുന്ന ഓരോ മാറ്റത്തിനും 5000 രൂപ പിഴ ചുമത്താനാണ് കോടതിയുടെ നിര്‍ദേശം.
ഇത്തരം മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് മോഡിഫിക്കേഷന് പ്രോത്സാഹനം നല്‍കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും കോടതിയുടെ പ്രസ്താവനയില്‍ പറയുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ സേഫ് സോണ്‍ പ്രൊജക്ട് റിപ്പോര്‍ട്ടിന്മേല്‍ കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.
2021 നവംബര്‍ മുതല്‍ 40 വലിയ അപകടങ്ങളും ചെറുതും വലുതുമായ 1294 തകര്‍ച്ചകളുമാണ് സേഫ് സോണ്‍ പ്രൊജക്ടിന്റെ ഭാഗമായി നടന്ന അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Content Highlights: Kerala High Court Orders Action Against Vloggers For Promoting Use Of Modified Vehicles