| Thursday, 8th July 2021, 4:14 pm

തേഞ്ഞിപ്പലത്ത് മതംമാറിയ യുവതി തീവ്രവാദ സംഘടനകളുടെ കസ്റ്റഡിയിലാണെന്ന മാധ്യമവാര്‍ത്തകള്‍; പരാതിപ്പെട്ടാല്‍ കേസെടുക്കാമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തേഞ്ഞിപ്പലം: മലപ്പുറം തേഞ്ഞിപ്പലത്ത് മതം മാറിയ യുവതി തീവ്രവാദ സംഘടനകളുടെ കസ്റ്റഡിയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതില്‍ ആശങ്കയറിയിച്ച് ഹൈക്കോടതി. യുവതിക്കൊപ്പം ജീവിച്ചിരുന്ന സഹോദരീ ഭര്‍ത്താവ് ഗില്‍ബര്‍ട്ട് നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്.

ഹൈക്കോടതിയില്‍ ഹരജിയില്‍ വാദം തുടങ്ങുന്നതിന് മുമ്പ് തന്നെ യുവതിയും മകനും തീവ്രവാദ സംഘടനകളുടെ പിടിയിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതിലാണ് കോടതി ആശങ്ക അറിയിച്ചത്.

മതംമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ വന്നത് മകന്റെ പഠനത്തെ ഉള്‍പ്പെടെ ബാധിക്കുന്നതായി യുവതി പരാതിപ്പെട്ടിരുന്നു.

മാധ്യമവാര്‍ത്തകള്‍ പ്രചരിച്ചതില്‍ യുവതി പരാതി നല്‍കിയാല്‍ നിയമപ്രകാരം കേസ് എടുക്കണമെന്നും പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുവതിയെയും 13 കാരനായ മകനെയും അയല്‍ക്കാര്‍ തട്ടിക്കൊണ്ടു പോയി കോഴിക്കോട് തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയിലെത്തിച്ചു മതം മാറ്റിയെന്നായിരുന്നു ഗില്‍ബര്‍ട്ടിന്റെ ഹരജി. യുവതിയെയും മകനെയും പണം വാഗ്ദാനം ചെയ്താണ് മതം മാറ്റിയെന്നും തീവ്രവാദ റിക്രൂട്ടിംഗ് സാധ്യതയെന്നും ഗില്‍ബര്‍ട്ട് ഹരജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കഴിഞ്ഞദിവസം ജഡജിമാര്‍ ഇരുവരോടും സംസാരിച്ചിരുന്നു. ഹരജിക്കാരന്റെ വാദം തെറ്റാണെന്ന് വിലയിരുത്തിയ ശേഷമാണ് കോടതി ഹരജി തള്ളിയത്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എ. സിയാദ് റഹ്മാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്.

ഇപ്പോള്‍ താമസിക്കുന്ന കോഴിക്കോട്ടെ മതപഠന കേന്ദ്രത്തില്‍ തുടരാനും ഹൈക്കോടതി യുവതിക്കും മകനും അനുമതി നല്‍കി. പരാതിക്കാരന്‍ യുവതിയുടെ നിയമപരമായി വിവാഹം കഴിക്കാത്തത് കണ്ടെത്തിയ കോടതി മകന് മേല്‍ അവകാശവാദം ഉണ്ടെങ്കില്‍ കുടുംബ കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചു.

നേരത്തെ പരപ്പനങ്ങാടി കോടതിയും ഗില്‍ബര്‍ട്ടിന്റെ ഹരജി തള്ളിയിരുന്നു.

നീരോല്‍പ്പാലത്ത് ടാക്‌സി ഡ്രൈവറാണ് ഗില്‍ബര്‍ട്ട്. ഭാര്യയെയും മകനെയും നിര്‍ബന്ധിച്ച് മതം മാറ്റിയെന്നായിരുന്നു പരാതി. ഭാര്യ ജോലി ചെയ്തിരുന്ന ബേക്കറിയുടെ ഉടമയും മറ്റൊരു ജീവനക്കാരിയുമാണ് മതംമാറ്റത്തിന് പിന്നിലെന്നായിരുന്നു ആരോപണം. നീരോല്‍പ്പാലത്തെ സി.പി.ഐ.എം. പ്രവര്‍ത്തകനായ തന്നെ പാര്‍ട്ടി സഹായിച്ചില്ലെന്നും ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി പുറത്താക്കിയെന്നും ഗില്‍ബര്‍ട്ട് പറഞ്ഞിരുന്നു.

ജൂണ്‍ ഒമ്പതിന് ഭാര്യയെും 13 വയസുള്ള മകനനെയും വീട്ടില്‍ നിന്ന് കാണാതായി എന്നാണ് ഗില്‍ബര്‍ട്ട് പരാതിയില്‍ പറഞ്ഞത്. യുവതിയെയും മതപാഠശാല അധികൃതരെയും തേഞ്ഞിപ്പലം പൊലീസ് വിളിപ്പിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിന് പോകുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു. മകനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും മാതാവിനൊപ്പം പോകണമെന്ന് മകന്‍ പറഞ്ഞുവെന്നും പൊലീസ് അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala High court on Thenhippalam conversion case in Media reports

We use cookies to give you the best possible experience. Learn more