| Wednesday, 14th September 2022, 7:02 pm

തെരുവ് നായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കയ്യിലെടുക്കരുത്; പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റന്നാള്‍ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തെരുവ് നായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കയ്യിലെടുക്കരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. പൊതു അവബോധത്തിനായി പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ്.

എറണാകുളം തൃപ്പൂണിത്തുറയില്‍ എരൂരില്‍ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

ഇന്നലെയാണ് അഞ്ച് തെരുവ് നായ്ക്കളെ തൃപ്പൂണിത്തുറ എരൂരില്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണല്‍ ലാബിലേക്ക് കൈമാറിയിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ അവയെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം. ഏത് വിഷമാണ് നല്‍കിയതെന്ന് തിരിച്ചറിയുന്നതോടെയാണ് ഉദ്യോഗസ്ഥര്‍ മറ്റ് നടപടികളിലേക്ക് കടക്കുക എന്നാണ് വിവരം.

അതിനിടെ, കഴിഞ്ഞ ദിവസം കോട്ടയത്ത് തെരുവ് നായയെ കൊന്ന് കെട്ടിതൂക്കിയിരുന്നു. കോട്ടയം പെരുന്നയില്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം ആയിരുന്നു സംഭവം. മാസങ്ങളായി നാട്ടുകാര്‍ക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിത്തൂക്കിയത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. എന്നാല്‍ തെരുവ് നായയെ ആരാണ് കൊന്നതെന്ന് വ്യക്തമല്ല. ഇതിനെ അനൂകൂലിച്ചും എതിര്‍ത്തും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ധാരാളം ആളുകള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമായി നിലനില്‍ക്കുകയാണ്. തെരുവ് നായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള എ.ബി.സി പദ്ധതി നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തില്‍ സമിതി രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലാകും തെരുവ് നായ പ്രശ്‌ന പരിഹാരത്തിനുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുക.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍, കൊവിഡ്, പ്രളയ കാലത്ത് നടത്തിയ ജനകീയ ഇടപെടലിന് സമാനമായ രീതിയിലുളള ഇടപെടലാണ് തെരുവ് നായ പ്രശ്‌നത്തിലുണ്ടാകുകയെന്ന് കഴിഞ്ഞ ദിവസം മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയിരുന്നു.

Content Highlight: Kerala High Court On Stray Dog issue in Kerala

We use cookies to give you the best possible experience. Learn more