തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ തീരുമാനം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സതീഷ് നൈനാന്‍ വിധി പുറപ്പെടുവിച്ചത്.
ഗവര്‍ണറുടെ നടപടിക്കെതിരെ സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹരജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.
കേരള സര്‍വകലാശാലയില്‍ വി.സി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അംഗ സെനറ്റ് അംഗങ്ങള്‍ തീരുമാനത്തെ എതിര്‍ത്തതോടെയാണ് 15 അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ഉത്തരവിട്ടത്. കൂടാതെ സെനറ്റ് അംഗങ്ങളില്ലാതെ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
എന്നാല്‍ ഗവര്‍ണറുടെ നടപടി അംഗീകരിക്കാന്‍ വിസമ്മതിച്ച സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഈ കേസിലാണ് ഹൈക്കോടതിയിപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.