| Thursday, 22nd December 2022, 3:44 pm

കോളജ് ഹോസ്റ്റലുകള്‍ ജയിലുകളല്ല, വിവേചനപരമായ നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികളുടെ മേല്‍ ചുമത്താനാവില്ല: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോളജ് ഹോസ്റ്റലുകള്‍ ജയിലുകളല്ലെന്ന് ഹൈക്കോടതി. ഹോസ്റ്റലുകളില്‍ വിവേചനപരമായ നിയന്ത്രണങ്ങള്‍ പാടില്ല. ഭരണഘടനാപരമായ അവകാശം പെണ്‍കുട്ടികള്‍ക്കുണ്ട്. അത് ഉറപ്പാക്കുന്നതിനാണ് പരിഗണനയെന്നും കോടതി വ്യക്തമാക്കി.

രാത്രി 9.30ന് ശേഷം ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങുന്നത് വിലക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

‘ഭരണഘടനാപരമായ അവകാശം പൗരന്‍മാര്‍ക്ക് ഉറപ്പുവരുത്തുകയാണ് കോടതിയുടെ പരിഗണന. പെണ്‍കുട്ടികള്‍ക്കു ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു പക്ഷെ ആണ്‍കുട്ടികളെക്കാള്‍ അത്തരം അവകാശം കൂടുതലായി പെണ്‍കുട്ടികള്‍ക്കുണ്ട്. വിവേചനപരമായ നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികളുടെ മേല്‍ ചുമത്താനാവില്ല,’ കോടതി പറഞ്ഞു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാത്രി 9.30ന് ശേഷവും പ്രവേശനം അനുവദിക്കുന്ന പുതിയ സര്‍ക്കാര്‍ ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളിലും നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ലിംഗഭേദമില്ലാത്തതിനാല്‍ പുതിയ ഉത്തരവ് സ്വാഗതാര്‍ഹമാണെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞത്. പുതിയ ഉത്തരവില്‍ ലിംഗസമത്വം പാലിച്ചിട്ടുണ്ടെന്ന് സംസ്ഥാന വനിത കമ്മിഷന്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, കോളജ് ഹോസ്റ്റലുകള്‍ ഹോട്ടലുകള്‍ക്ക് സമാനമല്ലെന്നാണ് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചത്. ഹോസ്റ്റലിലെ അച്ചടക്കവും അന്തേവാസികളുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍. അത്യാവശ്യ ഘട്ടങ്ങളില്‍ അനുമതിയോടെ ഇളവ് സാധിക്കുമെന്നുമാണ് ആരോഗ്യ സര്‍വകലാശാല അറിയിച്ചത്.

പഠനാവശ്യത്തിന് വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനാണു ഹോസ്റ്റലുകള്‍. ഉറക്കമില്ലാത്ത രാത്രികളും നൈറ്റ് ലൈഫും വിദ്യാര്‍ഥികള്‍ക്ക് ഉദ്ദേശിച്ചിട്ടില്ല. വിദ്യാര്‍ഥികള്‍ക്കു വേണ്ടത്ര വിശ്രമം ഉറപ്പാക്കാനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ബാധ്യതയുണ്ട്.

വീടുകളില്‍ പോലും കുട്ടികള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യമില്ല. 18 വയസായി എന്നതു കൊണ്ട് വിദ്യാര്‍ഥികള്‍ക്കു പക്വത ഉണ്ടാകണമെന്നില്ല. തലച്ചോറിന് പക്വതയെത്തുന്ന പ്രക്രിയ കൗമാരപ്രായത്തിലും സജീവമാണെന്നു ശാസ്ത്രീയ പഠനങ്ങളില്‍ വ്യക്തമാണ്. ഈ പ്രായത്തില്‍ ലഹരിക്കും സാഹസങ്ങള്‍ക്കും മറ്റു സമ്മര്‍ദ്ദങ്ങള്‍ക്കും കൗമാരക്കാര്‍ വശംവദരാകാറുണ്ട്.

ഭക്ഷണത്തിനും പഠനത്തിനും തുടങ്ങി പലതിനും ഹോസ്റ്റലുകളില്‍ സമയ നിയന്ത്രണമുണ്ട്. മെഡിക്കല്‍ കോളജുകളില്‍ ലൈബ്രറി, ലബോറട്ടറി പ്രവര്‍ത്തനങ്ങള്‍ 9.30ന് തീരും. രാവിലെ എട്ടിന് ക്ലാസ് തുടങ്ങും. മാതാപിതാക്കളുടെ ആശങ്ക കണക്കിലെടുക്കണമെന്നുമാണ് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചത്.

Content Highlight: Kerala High Court on Girls entry in Medical College Hostel

We use cookies to give you the best possible experience. Learn more