ഒരു കുട്ടി പുറത്തിറങ്ങിയാല്‍ വീട്ടില്‍ മടങ്ങിയെത്തുമെന്ന് ഉറപ്പുണ്ടോ? കുട്ടി ഓടയില്‍ വീണ സംഭവത്തില്‍ കൊച്ചി കോര്‍പറേഷനോട് ഹൈക്കോടതി
Kerala News
ഒരു കുട്ടി പുറത്തിറങ്ങിയാല്‍ വീട്ടില്‍ മടങ്ങിയെത്തുമെന്ന് ഉറപ്പുണ്ടോ? കുട്ടി ഓടയില്‍ വീണ സംഭവത്തില്‍ കൊച്ചി കോര്‍പറേഷനോട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th November 2022, 4:59 pm

കൊച്ചി: പനമ്പള്ളി നഗറില്‍ മൂന്ന് വയസുകാരന്‍ ഓടയില്‍ വീണ് പരിക്കേറ്റ സംഭവത്തില്‍ കൊച്ചി കോര്‍പറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം. സൈക്കിളുമായി ഒരു കുട്ടി പുറത്തിറങ്ങിയാല്‍ വീട്ടില്‍ മടങ്ങിയെത്തുമെന്ന് ഉറപ്പുണ്ടോ എന്ന് ഹൈക്കോടതി കോര്‍പറേഷനോട് ചോദിച്ചു.

കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് കോര്‍പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായത്. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ കോര്‍പറേഷന്‍ സെക്രട്ടറി കോടതിയില്‍ ക്ഷമാപണം നടത്തി.

സംഭവത്തെ ന്യായീകരിക്കാന്‍ ശ്രമിക്കേണ്ടെന്ന് കോര്‍പറേഷന്‍ സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചു. ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. ഡിസംബര്‍ രണ്ടിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

നടുക്കമുണ്ടാക്കുന്ന സംഭവമാണ് നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓടയുടെ ഫോട്ടോകളടക്കം കോടതി പരിശോധിച്ചു. ആരാണ് ഇത്തരത്തില്‍ കാന നിര്‍മിച്ചതെന്നും കോടതി ചോദിച്ചു.

‘കേരളത്തിലുടനീളം പല നടപ്പാതകളിലും ഇത്തരത്തിലുള്ള അപകടക്കെണികളുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. കൊച്ചിയില്‍ നടന്ന സംഭവത്തില്‍ കോര്‍പ്പറേഷനാണ് ഉത്തരവാദിത്വം. കൊച്ചി മെട്രോ നഗരമല്ലേ? കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു? എം.ജി റോഡിലെയടക്കം ഫുട്പാത്തിലൂടെ നടക്കാന്‍ കഴിയുന്ന അവസ്ഥയാണോ,’ കോടതി കോര്‍പറേഷന്‍ സെക്രട്ടറിയോട് ചോദിച്ചു.

അതിനിടെ, ഓടകള്‍ തുറന്നുകിടക്കുന്ന സംഭവത്തില്‍ കൊച്ചി നഗരസഭയില്‍ അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. അഞ്ച് വയസുകാരനെ ഉപയോഗിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഉടുപ്പ് പോലുമില്ലാതെ കുട്ടിയെ നിലത്ത് കിടത്തി, കുഞ്ഞിന്റെ പുറത്ത് ചുള്ളിക്കമ്പുകളുമിട്ടായിരുന്നു പ്രതിഷേധം.

അതേസമയം, വ്യാഴാഴ്ച വൈകിട്ട് രാത്രി എട്ടരയോടെയാണ് പനമ്പിള്ളി നഗറില്‍ മൂന്ന് വയസുകാരനായ കുട്ടി തുറന്നിട്ടിരുന്ന കാനയിലേക്ക് കാല്‍ വഴുതി വീണത്. മെട്രോയില്‍ ഇറങ്ങി അമ്മയ്ക്കൊപ്പം നടന്നുവരുന്നതിനിടെയായിരുന്നു സംഭവം.

കാനയില്‍ വീണ കുട്ടി അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്.
അമ്മയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് കുഞ്ഞിന് ജീവന്‍ നഷ്ടമായില്ല.

ഒഴുകി പോകാന്‍ തുടങ്ങിയ കുഞ്ഞിനെ അമ്മ കാലുകൊണ്ട് തടഞ്ഞതിനാല്‍ അപകടമൊഴിവുയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീഴ്ചയില്‍ കുഞ്ഞിന്റെ തലയ്ക്ക് പരിക്കുണ്ട്. അഴുക്കുവെള്ളം കയറിയതിനാല്‍ നെഞ്ചില്‍ അണുബാധയുടെ ലക്ഷണങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. കാന മൂടണമെന്ന് പരിസരവാസികളും കൗണ്‍സിലറും അടക്കം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അധികൃതര്‍ ഇതിന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ല എന്നാണ് ആരോപണം.

Content Highlight: Kerala High Court on child falling into drain in Kochi