| Sunday, 5th September 2021, 9:50 am

ഗര്‍ഭസ്ഥ ശിശുവിന് ജീവിക്കാനുള്ള അവകാശമുണ്ട്, ഗര്‍ഭം അലസിപ്പിക്കാനുള്ള ഹരജി തള്ളി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗര്‍ഭസ്ഥ ശിശുവിനു ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്നു ഹൈക്കോടതി. 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ എറണാകുളം സ്വദേശിനിയായ അമ്മ നല്‍കിയ ഹരജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി.

ഗര്‍ഭസ്ഥ ശിശുവിന് വലിയ തോതില്‍ വൈകല്യമുണ്ടെന്ന് കണ്ടെത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി. ഗര്‍ഭസ്ഥ ശിശുവിന് അതിന്റേതായ ജീവിതവും അവകാശങ്ങളുമുണ്ടെന്നും അത് നിയമം അംഗീകരിക്കുന്നതാണെന്നും ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ വിധിയില്‍ പറയുന്നു.

ഗര്‍ഭം അലസിപ്പിക്കാന്‍ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും നിയമപ്രകാരമുള്ള ആഴ്ച പിന്നിട്ടതിനാല്‍, ആശുപത്രി അധികൃതര്‍ ആവശ്യം നിഷേധിച്ചു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹരജിക്കാരിയുടെ ആവശ്യം പരിഗണിക്കാനായി മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കിയിരുന്നു. കുഞ്ഞിന് വൈകല്യമുണ്ട്. എന്നാല്‍ ഇത് ഗുരുതരമല്ലെന്നും അമ്മയുടെ ജീവനു ഭീഷണിയില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി.

തുടര്‍ന്നാണ് ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളിയത്. നവജാത ശിശുവില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനെ വേറിട്ട് കാണേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.

20 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് നിയമം അനുവദിക്കുന്നത്. എന്നാല്‍ 24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് നടപടി തുടങ്ങിയെങ്കിലും ഇത് വിജ്ഞാപനം ചെയ്തിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highligts: Kerala High Court On abortion

We use cookies to give you the best possible experience. Learn more