| Sunday, 16th March 2025, 1:23 pm

വിദ്യാഭ്യാസ സ്ഥാപനത്തിൽ നടക്കുന്ന സംഭവങ്ങളിൽ അധ്യാപകർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണം: കേരള ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നടക്കുന്ന ഏതെങ്കിലും സംഭവത്തിൽ അധ്യാപകർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമെന്ന് നിർദേശിച്ച് കേരള ഹൈക്കോടതി. യാതൊരു പകയോ വൈരാഗ്യമോ ഇല്ലാതെ കുട്ടികൾക്ക് ചെറിയ ശിക്ഷകൾ നൽകുന്ന അധ്യാപകരെ ക്രിമിനൽ കുറ്റത്തിൽ നിന്ന് സംരക്ഷിക്കണമെന്ന് ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ ഒരു സർക്കുലർ പുറപ്പെടുവിക്കാൻ കോടതി സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിച്ചു.

മൂന്ന് വർഷമോ അതിൽ കൂടുതലോ ഏഴ് വർഷത്തിൽ താഴെയോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്ക്, പ്രഥമദൃഷ്ട്യാ കേസ് നിലവിലുണ്ടോ എന്ന് ഉറപ്പാക്കാൻ പൊലീസിന് പ്രാഥമിക അന്വേഷണം നടത്താമെന്ന് കോടതി പരാമർശിച്ചു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു അധ്യാപകനെതിരെ ലഭിക്കുന്ന പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് സെക്ഷൻ 173(3) പ്രകാരമുള്ള പ്രാഥമിക അന്വേഷണം നടത്തണമെന്ന് കോടതി നിരീക്ഷിച്ചു.

പ്രാഥമിക അന്വേഷണ കാലയളവിൽ, ആവശ്യമെങ്കിൽ അധ്യാപകന് നോട്ടീസ് നൽകാമെന്നും എന്നാൽ ആ കാലയളവിൽ ആ അധ്യാപകനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ സംസ്ഥാനത്തിനോ പൊലീസ് അധികാരികൾക്കോ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

വിദ്യാർത്ഥിയെ ചൂരൽ കൊണ്ടടിച്ച കേസിൽ അധ്യാപകന്റെ ജാമ്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. അധ്യാപകന്റെ മകൻ വാഹനാപകടത്തിൽ മരിച്ചിരുന്നു. മകന്റെ മരണത്തിന് കാരണം അധ്യാപകനാണെന്ന് പറഞ്ഞ വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് അടിച്ചു എന്നതായിരുന്നു കേസ്. നന്നായി പഠിക്കണമെന്ന തന്റെ തുടർച്ചയായ ഉപദേശം കുട്ടിക്ക് ഇഷ്ടപ്പെട്ടില്ലെന്നും, തന്റെ മകന്റെ മരണത്തിന് താൻ ഉത്തരവാദിയാണെന്ന് മറ്റ് കുട്ടികളോട് ഈ കുട്ടി പറഞ്ഞതായും അധ്യപകൻ പറഞ്ഞു. താൻ കുട്ടിയെ തിരുത്താൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റ് ഉദ്ദേശമില്ലെന്നും അധ്യാപകൻ പറഞ്ഞു.

ബി.എൻ.എസ് സെക്ഷൻ 118 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക), ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) ആക്ടിലെ സെക്ഷൻ 75 (കുട്ടിയോടുള്ള ക്രൂരതയ്ക്കുള്ള ശിക്ഷ) എന്നിവ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് അധ്യാപകനെതിരെ കേസെടുത്തത്.

അച്ചടക്കലംഘനത്തിനോ വിദ്യാർത്ഥികളെ ഉപദേശിച്ചതിനോ ചെറിയ ശിക്ഷകൾ നൽകിയതിന്റെ പേരിൽ ഒരു അധ്യാപകൻ കഷ്ടപ്പെടരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. അധ്യാപകർക്ക് കയ്യിൽ ചൂരൽ കൊണ്ടുനടക്കാൻ അനുവാദമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Content Highlight: Kerala High Court Mandates Preliminary Enquiry Before Registering Criminal Cases Against Teachers For Acts In Schools

We use cookies to give you the best possible experience. Learn more