കാണാതായ മക്കളെ കണ്ടെത്താന്‍ പൊലീസ് കൈക്കൂലി ചോദിച്ചെന്ന ആരോപണം; സ്വമേധയാ ഇടപെട്ട് ഹൈക്കോടതി
Kerala News
കാണാതായ മക്കളെ കണ്ടെത്താന്‍ പൊലീസ് കൈക്കൂലി ചോദിച്ചെന്ന ആരോപണം; സ്വമേധയാ ഇടപെട്ട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th October 2021, 1:46 pm

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളുടെ കാണാതായ മക്കളെ കണ്ടെത്താന്‍ പൊലീസ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടല്‍.

സംഭവം സത്യമാണെങ്കില്‍ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

ദല്‍ഹി സ്വദേശികളായ ദമ്പതിമാരും മക്കളും 11 വര്‍ഷം മുന്നേയാണ് കൊച്ചിയിലെത്തുന്നത്. അഞ്ച് മക്കളാണ് ഇവര്‍ക്ക്.

മൂത്ത ആണ്‍കുട്ടികള്‍ പിതാവിനൊപ്പം ചെരുപ്പ് കച്ചവടം ചെയ്യുകയാണ്. രണ്ട് പെണ്‍കുട്ടികളെയാണ് കഴിഞ്ഞ ആഗസ്റ്റില്‍ കാണാതായത്.

ഓണ്‍ലൈന്‍ ക്ലാസിനായി നല്‍കിയ ഫോണിലൂടെ പരിചയപ്പെട്ടയാളുമായി മൂത്ത പെണ്‍കുട്ടി സൗഹൃദം സ്ഥാപിച്ചെന്നും അനുജത്തിയേയും കൂട്ടി ഇവര്‍ വീടുവിട്ടിറങ്ങിയെന്നുമാണ് കുടുംബം പറയുന്നത്.

വിവരമറിഞ്ഞയുടനെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇരുവരും ദല്‍ഹിക്ക് തീവണ്ടിയില്‍ പുറപ്പെട്ടിട്ടുണ്ടെന്നും വിമാനമാര്‍ഗം മാതാപിതാക്കള്‍ ദല്‍ഹിയിലെത്തി അന്വേഷിക്കാനുമായിരുന്നു പൊലീസിന്റെ നിര്‍ദേശം.

ദല്‍ഹിയിലെത്തിയ ഇവരെ ഹരിയാന, ദല്‍ഹി പൊലീസാണ് സഹായിച്ചതെന്നും പിന്നീടാണ് കൊച്ചി പൊലീസ് എത്തിയതെന്നും ഇവര്‍ പറയുന്നു. പൊലീസിന് വേണ്ട വിമാനടിക്കറ്റും മറ്റും നല്‍കിയെന്നും ഇവര്‍ പറയുന്നു.

ദല്‍ഹി പൊലീസ് കുട്ടികളെ കണ്ടെത്തിയെന്നും പിടികൂടിയ ദല്‍ഹി സ്വദേശിയായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തെന്നുമാണ് കുടുംബം പറയുന്നത്. എന്നാല്‍ ഒരാളെ മാത്രം കസ്റ്റഡിയിലെടുത്താണ് കേരള പൊലീസ് ദല്‍ഹിയില്‍ നിന്ന് മടങ്ങിയത്. സുബൈറെന്നാണ് ഇയാളുടെ പേര്.

എന്നാല്‍, മക്കളെ വിട്ടുനല്‍കാന്‍ പൊലീസ് തയ്യാറായില്ല. പെണ്‍കുട്ടിയെ സുബൈറിന് വിവാഹം കഴിപ്പിച്ചുനല്‍കണമെന്ന് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. നിര്‍ബന്ധിച്ചു. ഇത് എതിര്‍ത്തതോടെ പെണ്‍മക്കളെ വിട്ടുകിട്ടാന്‍ അഞ്ചുലക്ഷം രൂപ തരണമെന്നായി.

നിരസിച്ചതോടെ ഇനി അഞ്ചുമക്കളെയും കാണില്ലെന്ന് എ.എസ്.ഐ. വെല്ലുവിളിച്ചുവെന്നാണ് കുടുംബം പറയുന്നത്.

ഇതിന് പിന്നാലെ പെണ്‍കുട്ടികളുടെ സഹോദരന്‍മാരെ അറസ്റ്റ് ചെയ്തു. ഹിന്ദിമാത്രം അറിയാവുന്ന ഇവര്‍ സഹോദരിമാരെ പീഡിപ്പിച്ചെന്ന കുറ്റം മലയാളത്തില്‍ എഴുതി ഒപ്പിടീപ്പിച്ചുവാങ്ങിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

അതേസമയം സഹോദരന്മാര്‍ പീഡിപ്പിച്ചതുകൊണ്ടാണ് വീടുവിട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞതിനാലാണ് ഇവരെ അറസ്റ്റു ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala High Court Kochi Delhi family girls missing case