| Wednesday, 28th September 2022, 11:56 am

'ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ട, ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദ്ദവും സംഘര്‍ഷവും നേരിടുന്നത് സ്ത്രീയാണ്'; ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിവാഹിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതിയുടെ ആവശ്യമില്ലെന്ന് ഹൈക്കോടതി.

ഭര്‍ത്താവിന്റെ പീഡനം കാരണം ഭര്‍തൃഗൃഹം വിട്ട കോട്ടയം സ്വദേശിയായ 26കാരിയായ യുവതിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് ജസ്റ്റിസ് വി.ജി. അരുണ്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ അബോര്‍ഷന്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് യുവതിയുടെ മാനസികാവസ്ഥ മോശമാക്കുമെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.

”ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി വേണമെന്ന് ഗര്‍ഭം അലസിപ്പിക്കല്‍ സംബന്ധിച്ച മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് നിയമത്തില്‍ പറയുന്നില്ല. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദ്ദവും സംഘര്‍ഷവും നേരിടേണ്ടി വരുന്നത് സ്ത്രീയാണ്,” കോടതി നിരീക്ഷിച്ചു.

ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും ഭാഗത്തുനിന്നുള്ള പീഡനം കാരണം മാനസികമായി ബുദ്ധിമുട്ട് നേരിടുന്ന യുവതി തന്റെ 21 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിക്കുകയാണെന്നും ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ കുട്ടിയുടെ പിതൃത്വത്തില്‍ ഭര്‍ത്താവ് സംശയം പ്രകടിപ്പിച്ചെന്നും ഇതിന്റെ പേരില്‍ ഉപദ്രവിക്കുന്നുവെന്നും യുവതി കോടതിയില്‍ പറഞ്ഞു.

ഭര്‍തൃവീട്ടിലെ പീഢനം കാരണം സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന യുവതി ഗര്‍ഭഛിദ്രത്തിന് കോട്ടയം മെഡിക്കല്‍ കോളജിലെ ഫാമിലി പ്ലാനിങ് ക്ലിനിക്കിനെ സമീപിച്ചുവെങ്കിലും ഭര്‍ത്താവുമായി നിയമപരമായി ബന്ധം വേര്‍പിരിഞ്ഞതിന്റെ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ യുവതിയെ മടക്കിയയക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ഭര്‍ത്താവിനും അയാളുടെ അമ്മക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതി നല്‍കിയ ശേഷം യുവതി വീണ്ടും ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും 21 ആഴ്ച പിന്നിട്ട ഗര്‍ഭമായതിനാല്‍ ആരോഗ്യത്തെ ബാധിക്കുമെന്ന കാരണം പറഞ്ഞ് ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നടത്തിയില്ല. ഇതോടയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

യുവതിയുടെ ഹരജി രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

Content Highlight: Kerala High Court gives permission to abort pregnancy aged more than 21 weeks

We use cookies to give you the best possible experience. Learn more