| Wednesday, 29th May 2024, 5:23 pm

ജനങ്ങളെ തെറി വിളിക്കാതെ പ്രവർത്തിക്കാൻ നിങ്ങള്‍ക്കാകില്ലേ; കേരള പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി. പൊലീസ് സ്റ്റേഷന്‍ ടെറര്‍ സ്ഥലം ആക്കേണ്ടെന്നും തെറി വിളിക്കാതെ പ്രവര്‍ത്തിക്കാന്‍ പൊലീസിന് ആകില്ലേയെന്നും ഹൈക്കോടതി ചോദിച്ചു.

ജനങ്ങളെ എടാ പോടാ എന്ന് വിളിക്കാതെയും തെറി വിളിക്കാതെയും പ്രവര്‍ത്തിക്കാന്‍ പൊലീസിന് ആകില്ലേയെന്നാണ് ഹൈക്കോടതി ചോദിച്ചത്. മോശം വാക്കുകള്‍ ഉപയോഗിച്ചാല്‍ ജനങ്ങളെ നിയന്ത്രിക്കാനാകുമെന്ന് ആരാണ് പൊലീസിനോട് പറഞ്ഞത്. ഇത്തരത്തിലുള്ള മോശം വാക്കുകള്‍ മേല്‍ ഉദ്യോഗസ്ഥരെ ഇവര്‍ വിളിക്കുമോ. അങ്ങനെ വിളിച്ചാല്‍ വിവരമറിയുമെന്നും ഹൈക്കോടതി പൊലീസിനെ പരിഹസിച്ചു.

അധികാരമില്ലാത്ത ജനങ്ങളോട് മോശം വാക്കുകള്‍ പ്രയോഗിക്കാമെന്ന് കരുതരുതെന്ന് കോടതി പൊലീസിന് മുന്നറിയിപ്പ് നല്‍കി. അധികാരം എല്ലാ കാലത്തും ഉണ്ടാകുമെന്ന് കരുതരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ഉണ്ടായ സംഭവങ്ങളൊന്നും പൊലീസിന് ഭൂഷണമല്ലെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു. ജനങ്ങളാണ് തങ്ങളുടെ യജമാനനെന്ന് പൊലീസിന് ബോധ്യമുണ്ടാകണം. രാജ്യം സ്വതന്ത്രമായി 75 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൊളോണിയല്‍ മനോഭാവം മാറിയില്ല എന്നത് ശരിയായ നടപടിയല്ലെന്നും കോടതി കൂട്ടിച്ചേർത്തു.

പൊലീസ് നടപടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സംബന്ധിച്ച് കോടതി ചില പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. പൊലീസ് നടപടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ജോലിയെ തടസപ്പെടുത്തുമെന്നാണ് കോടതിയില്‍ പൊലീസ് വിശദീകരിച്ചത്. എന്നാല്‍ ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

തങ്ങളുടെ നടപടികളൊന്നും റെക്കോര്‍ഡ് ചെയ്യരുതെന്നാണോ പൊലീസ് പറയുന്നതെന്ന് കോടതി ചോദിച്ചു. പൊലീസിന് നിയമം എന്താണെന്ന് അറിയില്ലേയെന്നും കോടതി പരിഹസിച്ചു. നടപടി ക്രമങ്ങളൊന്നും പൊലീസ് ഒളിച്ച് വെക്കേണ്ടതില്ല. പൊലീസ് നടപടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ജോലിയെ തടസപ്പെടുത്തുമെന്ന് പറയുന്ന ഉദ്യോഗസ്ഥരെ തിരികെ നിയമം പഠിക്കാന്‍ വിടുകയാണ് വേണ്ടതെന്നും കോടതി വിമര്‍ശിച്ചു.

ആലത്തൂരില്‍ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയ സംഭവത്തില്‍ ഹൈക്കോടി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പൊലീസിന് കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

Content Highlight: kerala high court criticize kerala police

We use cookies to give you the best possible experience. Learn more