കൊച്ചി: സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥി സമരങ്ങളുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത ആഭ്യന്തര വകുപ്പ് നടപടിക്കെതിരെ ഹെക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊതുമുതല്‍ നശിപ്പിച്ചതിനെതിരെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് ആക്രമണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. കൊടിയുടെ നിറം നോക്കിയാണോ സര്‍ക്കാര്‍ നടപടി എടുക്കുന്നതെന്നും കോടതി ചോദിച്ചു.
വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് കോടതി ചോദിച്ചെങ്കിലും വിദ്യാര്‍ത്ഥി സമരങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള സത്യവാങ്മൂലമായിരുന്നു ആഭ്യന്തര വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരത്തിലായിരുന്നു സ്വാശ്രയ കോളേജുകള്‍ക്ക് നേരെ അക്രമണം ആരംഭിച്ചത്. തുടര്‍ന്ന് നിരവധി കോളേജുകളിലാണ് വിദ്യാര്‍ത്ഥി സമരങ്ങള്‍ നടന്നത്. കുറ്റിപ്പുറം പോളി ആക്രമണത്തില്‍ എത്ര പേരെ അറസ്റ്റു ചെയ്‌തെന്നും സംഭവത്തില്‍ എന്ത് നടപടിയുണ്ടായെന്നും കോടതി ചോദിച്ചിരുന്നു.
ഒരാഴ്ചക്കകം എന്ത് നടപടി എടുത്തു എന്ന് കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും വേണ്ടിവന്നാല്‍ ആഭ്യന്തര സെക്രട്ടറിയെ വിളിച്ച് വരുത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് ആരാണ് ഉത്തരവാദിയെന്നും ഇതിന്റെ നഷ്ടപരിഹാരം ആരോട് ഈടാക്കുമെന്നും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദമായ സത്യവാങ്മൂലം ഒരാഴ്ചക്കകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.