| Friday, 24th December 2021, 10:00 am

പൊലീസ് കേസുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി; സ്വാഭാവിക നടപടിയെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം. പൊലിസ് സംരക്ഷണം, പൊലീസ് അതിക്രമം എന്നീ കേസുകള്‍ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിലേക്ക് മാറ്റി.

നേരത്തെ പൊലീസുമായി ബന്ധപ്പെട്ട കേസുകള്‍ ദേവന്‍ രാമചന്ദ്രനാണ് പരിഗണിച്ചിരുന്നത്.

ഹൈക്കോടതിയുടെ നീണ്ടകാല അവധികള്‍ വരുമ്പോള്‍ സാധാരണയായി ബെഞ്ച് മാറ്റം ഉണ്ടാകാറുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് പൊലീസുമായി ബന്ധപ്പെട്ട ഹരജികള്‍ ഉള്‍പ്പെടെ പരിഗണിക്കുന്നതില്‍ മാറ്റം പ്രാബല്യത്തില്‍ വരിക.

ജാമ്യഹരജികള്‍ പരിഗണിക്കുന്ന പരിഗണനാ പട്ടികയിലും മാറ്റമുണ്ട്. മോന്‍സണ്‍ കേസ്, പിങ്ക് പൊലീസിനെതിരായ കേസ് എന്നിവയില്‍ പൊലീസിന് സമീപകാലത്തായി ഹൈക്കോടതിയുടെ വലിയ വിമര്‍ശനം നേരിട്ടിരുന്നു.

അതേസമയം ബെഞ്ച് മാറ്റം സാധാരണ നടപടി മാത്രമാണെന്നാണ് ഹൈക്കോടതി അറിയിക്കുന്നത്. സാധാരണഗതിയില്‍ അവധിക്ക് ശേഷം കോടതി ചേരുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ പതിവുള്ളതാണെന്നാണ് കോടതി പറയുന്നത്.

പൊലീസുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കില്ലെങ്കിലും നേരത്തെ പരിഗണിച്ചിരുന്ന ഹരജികള്‍ അദ്ദേഹത്തിന്റെ ബെഞ്ചില്‍ തന്നെ തുടരും.

ഭൂമി ഏറ്റെടുക്കലും ആര്‍ബിട്രേഷനുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തുടര്‍ന്നും പരിഗണിക്കും.

നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്ന് പൊലീസ് സംരക്ഷണം തേടിയുള്ള ഹരജികളില്‍ നോക്കുകൂലിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ കേസ്, പിങ്ക് പോലീസ് കേസ്, തെന്മലയിലെ പൊലീസ് അതിക്രമം തുടങ്ങിയ കേസുകളില്‍ പൊലീസിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു.

കോടതിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഡി.ജി.പി ഉന്നതതലയോഗം വിളിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala High court bench change Justice Devan Ramachandran

We use cookies to give you the best possible experience. Learn more