സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് നടപ്പാക്കുന്നില്ല?; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി
Kerala News
സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് നടപ്പാക്കുന്നില്ല?; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th July 2021, 12:59 pm

കൊച്ചി: സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കേരളത്തില്‍ കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. നിയമം കര്‍ശനമായി നടപ്പാക്കുന്നതിന് തടസ്സമെന്താണെന്നും കോടതി ചോദിച്ചു.

സ്ത്രീധന നിരോധന നിയമം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ പ്രവര്‍ത്തകയായ ഡോ. ഇന്ദിര രാജന്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഹരജിയില്‍ കോടതി സര്‍ക്കാര്‍ നിലപാട് തേടിയിട്ടുണ്ട്.

സ്ത്രീധന നിരോധന നിയമത്തില്‍ കാലാനുഗതമായിട്ടുള്ള മാറ്റങ്ങള്‍ വേണം, വ്യവസ്ഥയിലെ പല വ്യവസ്ഥകളും ഇപ്പോഴും കര്‍ശനമാക്കുന്നില്ല അത് കര്‍ശനമാക്കണമെന്നും ഇന്ദിര രാജന്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനതലത്തില്‍ ഡൗറി പ്രോഹിബിഷന്‍ ഓഫീസര്‍മാരെ നിയോഗിക്കുക, ഇരകള്‍ക്കു നഷ്ടപരിഹാരം അനുവദിക്കുക, വിവാഹ സമയത്തു വധുവിനു നല്‍കുന്ന ആഭരണങ്ങളടക്കമുള്ള സമ്മാനങ്ങളുടെ വിവരങ്ങള്‍ കൂടി വിവാഹ രജിസ്‌ട്രേഷനു ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഇന്ദിരാ രാജന്‍ ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

സ്ത്രീധന നിരോധന നിയമം നടപ്പാക്കണമെന്നത് നിയമത്തിലുള്ളതാണ്. അത് എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നാണ് സര്‍ക്കാരിനോട് കോടതി ചോദച്ചത്.

സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയിലും കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.

ഡൗറി പ്രോഹിബിഷന്‍ ഓഫീസര്‍മാരുടെ നിയമനം ഈ ആക്ട് പ്രകാരം തന്നെ പറയുന്നതാണ്. ഇതുവരെ അത് നടപ്പാക്കിയതായി കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം നടപ്പാക്കുന്നതിന് എന്താണ് തടസമെന്നും ഹൈക്കോടതി ചോദിച്ചു.

സ്ത്രീധനത്തിന്റെ പേരില്‍ കേരളത്തില്‍ ആത്മഹത്യ പെരുകുന്നതും ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നതും പരിഗണിച്ചാണ് ഹരജി നല്‍കുന്നതെന്ന് ഡോ. ഇന്ദിര രാജന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala High court asks govt that why they are not practicing dowry prohibition act strictly