കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’ നടത്തിപ്പിലോ ചടങ്ങിലോ ജഡ്ജിമാര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി. ചടങ്ങിനെ കോടതി വിളക്ക് എന്ന് വിശേഷിപ്പിക്കരുതെന്നും അത്തരമൊരു ആചാരത്തിന്റെ ആവശ്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ജില്ലാ ജഡ്ജിമാരും അഭിഭാഷകരും കോടതി ജീവനക്കാരുമുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തിരുന്നത് അവസാനിപ്പിക്കണമെന്നാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഹൈക്കോടതി തൃശ്ശൂര്‍ ജില്ലയുടെ ചുമലയുള്ള ഹൈക്കോടതി ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ തൃശ്ശൂര്‍ ജില്ലാ ജഡ്ജിക്ക് കത്തയക്കുകയായിരുന്നു. അടിയന്തരമായി ഈ ഉത്തരവ് അഭിഭാഷകരിലേക്ക് എത്തിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.
ചടങ്ങില്‍ ബാര്‍ കൗണ്‍സില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സാഹചര്യമുണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പരിപാടിയുടെ ഭാഗമാകരുതെന്നും നടത്തിപ്പില്‍ പങ്കെടുക്കരുതെന്നും അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കണം, അവരെ അതില്‍ നിന്നും വിലക്കണം.